വസ്ത്രധാരണത്തിന്റെ പേരില്‍ നടിമാരായ അനശ്വര രാജനും അനിഖ സുരേന്ദ്രസുമെതിരെ സൈബര്‍ ആക്രമണം. മൈക്ക് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ അനശ്വര ധരിച്ച വസ്ത്രമാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. നായികയായി അരങ്ങേറുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന് ധരിച്ച വസ്ത്രമാണ് അനിഖയ്ക്കെതിരെ വിമര്‍ശനത്തിന് കാരണമായത്. നേരത്തേയും വസ്ത്രധാരണത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ട്.
തീര്‍ത്തും മോശമായ കമന്റുകളാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇരുവരുടേയും മാതാപിതാക്കള്‍ക്കെതിരെയും സദാചാരവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘മോളേ ഇതൊന്നും ശരിയല്ല, ഇങ്ങനെ ആകരുത് കുട്ടികള്‍, നല്ല ഡ്രസ് ധരിച്ച് അന്തസായി നടക്കണം, വരുന്ന തലമുറയ്ക്ക് മാതൃകയാകണം, സംസ്കാര സമ്പന്നമായ കേരളത്തില്‍ ഇത്തരം വേഷഭൂഷാദികള്‍ ഒട്ടും നന്നല്ല’, തുടങ്ങിയ കമന്റുകളാണ് വന്നിരിക്കുന്നത്. പ്രേക്ഷകര്‍ നല്ല ഡ്രസ്സിട്ടാണ് നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നതെന്നും ചിലര്‍ പറഞ്ഞു.
അനശ്വര നായികയായി എത്തിയ മൈക്ക് ഇന്നലെയാണ് റിലീസ് ചെയ്തത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ സാറെയയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖ താരം രഞ്ജിത്ത് സജീവാണ് നായകന്. ഓ മാ ഡാര്‍ളിംഗ് എന്ന ചിത്രത്തിലാണ് അനിഖ നായികയായി എത്തുന്നത്. ലെന അടക്കമുള്ളവര്‍ ചിത്രത്തിലുണ്ട്.