നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ കനക്കുകയാണ്. ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന ക്രിസ്ത്യന്‍ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഒരു സിനിമയ്ക്ക് ദൈവത്തിന്റെ പേര് നല്കി എന്ന വിഷയത്തില്‍ ഹൈക്കോടതിക്ക് ഇടപെടാനാവില്ല എന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ദൈവം വലിയവനാണ് എന്നായിരുന്നു ഹര്‍ജി തള്ളിയതിനോട് നാദിര്‍ഷയുടെ പ്രതികരണം.
വിവാദത്തില്‍ നാദിര്‍ഷയെ പിന്തുണച്ച് നടന് ടിനി ടോമും എത്തിയിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം താരത്തിന് നേരിടേണ്ട് വന്നു. എന്നാല്‍ ഒരു വ്യാജ അക്കൗണ്ടില്‍ നിന്നെത്തിയ കമന്റിന് താരം നല്കിയ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.
എബ്രഹാം ആരോണ്‍ എന്ന അക്കൗണ്ടില്‍ നിന്ന് വന്ന കമന്റിനായിരുന്നു ടിനിയുടെ മറുപടി. ”മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്. സംസ്കാരം കൊണ്ട് ഹിന്ദുവും മുസ്ലിമും എന്റെ സഹോദരങ്ങളാണ്. എനിക്ക് ഇങ്ങനെ ജീവിക്കാനേ പറ്റൂ. പ്രിയ വ്യാജ വ്യക്തി,” സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇതെന്നും ക്രിസ്തു ഇതാണോ പഠിപ്പിച്ചത് എന്നും ടിനി ടോം ചോദിച്ചു. കമന്റിന്റെയും നല്കിയ മറുപടിയുടെയും സ്ക്രീന്‍ ഷോട്ട് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.