ധനുഷിനൊപ്പം ഗ്യാങ്സ്റ്റർ കഥാപാത്രമായി ജോജുവും;പേട്ടക്ക് ശേഷമുള്ള കാർത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രം ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ധനുഷ്–കാർത്തിക് സുബ്ബരാജ് ചിത്രമായ ജഗമേ തന്തിരം പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. വലിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മലയാള നടനായ ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടൻ പ്രധാന ലൊക്കേഷൻ ആയി ചിത്രീകരിക്കുന്ന ഗാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നുണ്ട്.
ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമായ കോസ്മോ ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ധനുഷിന്റെ 41മത്തെ ചിത്രമായ ജഗമേ തന്തിരത്തിന്റെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രേയാസ് കൃഷ്ണനും എഡിറ്റിങ്ങും സംഗീതവും നിർവഹിച്ചിരിക്കുന്നത് വിവേക് ഹർഷനും സന്തോഷ് നാരായണനുമാണ്. ചിത്രം നിർമ്മിക്കുന്നത് വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ്. മെയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക.