മോഹന്‍ലാലിനെ നായകനാക്കി 2017 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. തീയറ്ററില്‍ ചിത്രം പരാജയമായിരുന്നു ഇതുമായി ബന്ധപ്പെട്ടും മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ലാല്‍ ജോസ്. തന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകളുടെ പ്രമോഷന്റെ ഭാഗമായാണ് ലാല്‍ ജോസ് ഇതേപ്പറ്റി പറഞ്ഞത്.
മോഹന്‍ലാലിനെ നായകനാക്കി ശിക്കാറാണ് താന്‍ ആദ്യം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രമെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ അത് നടന്നില്ലെന്നും ലാല്‍ ജോസ് പറഞ്ഞു. വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യ കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സിന് ഇഷ്ടപ്പെടില്ല എന്നു കരുതി അത് മാറ്റി. ബെന്നി പി നായരമ്പലത്തിന്റെ കൈയില്‍ ഒരു പ്ലീസ്റ്റിന്റെ കഥാപാത്രം ഉണ്ടായിരുന്നു. ലാലേട്ടന് അങ്ങനെ ഒരു റോള്‍ ചെയ്തിരുന്നില്ല. അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന വെളിപാടിന്റെ പുസ്തകത്തിലേക്ക് എത്തിയത്. വെളിപാടിന്റെ പുസ്തകത്തിന്റെ കഥ ഇന്റര്‍നാഷണല്‍ എന്നു തന്നെയാണ് താന്‍ വിചാരിക്കുന്നതെന്നും എന്നാല്‍ അത് എക്സിക്യൂട്ട് ചെയ്തതില്‍ പാളിപ്പോയെന്നും ലാല്‍ജോസ് പറഞ്ഞു.
തനിക്കും ലാലേട്ടനുമിടയില്‍ എന്തോ നിര്‍ഭാഗ്യമുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു. ലാലേട്ടന് ഭയങ്കര ഫ്രണ്ട്ലിയാണ്. താന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് നല്ല രീതിയില്‍ ഇടപെട്ടിരുന്നു. പക്ഷേ അദ്ദേഹവുമായി ഒരു സിനിമ സംഭവിക്കാന്‍ 19 കൊല്ലം വേണ്ടിവന്നു. പല സിനിമകളും പ്ലാന്‍ ചെയ്തെങ്കിലും ഒന്നും നടക്കാതെ വരികയായിരുന്നുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.