മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്വ്വത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഭീഷ്മപര്‍വ്വത്തിലെ ഷൂട്ടിംഗ് വേളയിലെ രസകരമായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത് ഷാജി.
ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച അമി അലി എന്ന കഥാപാത്രം കൊല്ലപ്പെടുകയാണ്. ഇതിന് ശേഷം അമിയുടെ മൃതദേഹവും വഹിച്ച് മമ്മൂട്ടിയും സൗബിനും അടക്കമുള്ളവര്‍ നടന്നുനീങ്ങുന്ന ഒരു സീനുണ്ട്. ആ സീനില്‍ മഞ്ചലില്‍ കിടന്നത് ശ്രീനാഥ് ഭാസിയല്ലെന്നും താനാണെന്നും പറയുകയാണ് ദേവദത്ത് ഷാജി. ആ രംഗത്തിന്റെ ചിത്രവും ദേവദത്ത് പുറത്തുവിട്ടു. ഭീഷ്മപര്‍വ്വത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ തോളോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്ന ക്യാപ്ഷനോടെയാണ് ദേവദത്ത് രസകരമായ സംഭവം പങ്കുവച്ചത്.
മാര്‍ച്ച് മൂന്നിനായിരുന്നു ഭീഷ്മപര്‍വ്വത്തിന്റെ റീലീസ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, അബു സലീം, ഫര്ഹാന് ഫാസില്‍, ലെന, അനഘ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.