ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് നയൻതാര നായികയായി എത്തിയ ലവ് ആക്ഷൻ ഡ്രാമ. വനിതയുമായുള്ള അഭിമുഖത്തിൽ ചിത്രത്തിനായി നയൻതാരയെ ക്ഷണിക്കുവാൻ ചെന്നപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ബിഗ് ബജറ്റ് ചിത്രങ്ങളിൽ നയൻതാര ലേഡി സൂപ്പർ സ്റ്റാർ ആയി തിളങ്ങുന്ന സമയത്താണ് ധ്യാൻ തന്റെ കഥയുമായി എത്തുന്നത്.
വിനീത് ശ്രീനിവാസൻ വഴിയാണ് താരം നയൻതാരയിലേക്ക് എത്തിയത്. ഫോൺ വിളിച്ചപ്പോൾ പിറ്റേദിവസം തന്നെ കഥ പറയുവാനായി ചെന്നൈയിൽ എത്താൻ പറഞ്ഞ ധ്യാൻ ശ്രീനിവാസൻ പറഞ്ഞതിലും ഒരു മണിക്കൂർ വൈകിയാണ് എത്തിച്ചേർന്നത്. ചുറ്റും ഉള്ളവരെല്ലാം പറഞ്ഞതിലും ഒരു മണിക്കൂർ നേരത്തെ എത്തിയപ്പോൾ വൈകിയെത്തിയ തന്നെ നയൻതാര പുറത്താക്കിയില്ലെന്നും അത് അച്ഛനെ ഓർത്തിട്ട് ആവാം എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. കഥ കേട്ടതിനു ശേഷം നയൻതാര കൈതന്നപ്പോൾ ഇത് എനിക്ക് പറ്റില്ല എന്ന് പറയാനാണെന്ന് ധ്യാൻ വിചാരിച്ചെങ്കിലും നമുക്ക് ചെയ്യാം എന്നായിരുന്നു മറുപടി. നയന്‍താരയുടെ താരപദവി ഹാന്‍ഡില്‍ ചെയ്താല്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് ധ്യാൻ തിരിച്ചറിയുകയായിരുന്നു.