മലയാള സിനിമാപ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയേക്കാൾ അഭിമുഖങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ധ്യാൻ. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്നാണ് ധ്യാനും സിനിമയിലേക്ക് എത്തിയത്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും തന്റെ കഴിവ് തെളിയിച്ച കഴിഞ്ഞ ധ്യാൻ കഴിഞ്ഞയിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സ്റ്റാൻഡ് അപ് കോമഡി ചെയ്യണമെന്ന് ആഗ്രഹമുള്ളതായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അഭിമുഖങ്ങളിൽ സരസമായി സംസാരിക്കുന്നതാണ് ധ്യാനിനെ പ്രിയങ്കരനാക്കുന്നത്. അച്ഛനെയും അമ്മയെയും ചേട്ടനെയും എല്ലാം നിരവധി കഥകളാണ് അഭിമുഖങ്ങളിൽ ധ്യാൻ പറയാറുള്ളത്. കഥ പറയുന്ന ധ്യാനിന്റെ ശൈലി തന്നെയാണ് അഭിമുഖങ്ങൾ പ്രേക്ഷകർക്ക് ഇത്രയേറെ പ്രിയങ്കരമാകാൻ കാരണം. ധ്യാൻ പറഞ്ഞ കാര്യങ്ങൾ വിവാദങ്ങൾ ആയിട്ടുണ്ടെങ്കിലും അതൊന്നും ആരാധകർക്ക് ധ്യാനിനോടുള്ള സ്നേഹം ഇല്ലാതാക്കിയിട്ടില്ല.
അതേസമയം അഭിമുഖങ്ങളിൽ ഇനി തന്നെക്കുറിച്ച് പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് ധ്യാൻ. ന്യൂ ഇയറിന് രാവിലെ വിളിച്ചാണ് അമ്മ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അമ്മ ആവശ്യപ്പെട്ട ഒരേ ഒരു കാര്യം അതായിരുന്നെന്നും ധ്യാൻ പറഞ്ഞു. ന്യൂ ഇയറിന് വിളിച്ച് ഈ വർഷം മുതൽ നീ ഒരു തീരുമാനം എടുക്കണമെന്നും അഭിമുഖങ്ങളിൽ തന്റെ പേര് സംസാരിക്കരുതെന്നും അക്കാര്യത്തിൽ ഒരു ഉറച്ച തീരുമാനം പറയണമെന്നും ആയിരുന്നു അമ്മയുടെ ആവശ്യം. അമ്മ തന്നെ ന്യൂ ഇയറിന്റെ അന്ന് വിളിച്ച് ഇങ്ങനെ പറയണമെങ്കിൽ അമ്മയെ അത് എത്രത്തോളം ബാധിച്ചിട്ടുണ്ടാകണമെന്നും ധ്യാൻ ചോദിച്ചു. പലപ്പോഴും അമ്മയുടെ സഹോദരിമാരും കസിൻസും ബന്ധുക്കളുമൊക്കെ നോക്കുമ്പോൾ അമ്മ നാട്ടിൽ ഇവർക്കൊക്കെ ഇടയിൽ ടെററാണ്. ആ അമ്മ ഇപ്പോൾ കോമഡി ആയി മാറിയെന്നും ധ്യാൻ പറഞ്ഞു. ടെററായി നിന്നിരുന്ന ഒരു സ്ത്രീയെ നോക്കി വിമലേച്ചി എന്ന് വിളിച്ച് കളിയാക്കി ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ അമ്മയ്ക്കുള്ള ആ വെയ്റ്റ് പോയി കുടുംബത്തിലെ. അതിന്റെയാവാം തന്നെ വിളിച്ചതെന്നും അങ്ങനെ ഒരു ഇമേജ് ഡാമേജ് സംഭവിച്ചിട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.