ഓണപ്പരിപാടികൾ ഒന്നിനൊന്ന് വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ് വാർത്താ ചാനലുകളും എന്റടയിൻമെന്റ് ചാനലുകളും. അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു പരിപാടിയുമായാണ് റിപ്പോട്ടർ ചാനൽ ഇത്തവണ ഓണത്തിന് എത്തിയത്. താരങ്ങൾ വാർത്ത വായിക്കുന്നത് ആയിരുന്നു റിപ്പോർട്ടർ ചാനൽ പരീക്ഷിച്ചത്. അത്തരത്തിൽ വാർത്ത വായിക്കാനെത്തിയ താരങ്ങളിൽ ഒരാൾ ധ്യാൻ ശ്രീനിവാസൻ ആയിരുന്നു. സുഹൃത്തുക്കളെ വിളിച്ച് ഓണം വിശേഷങ്ങൾ അന്വേഷിക്കുന്ന രീതിയിൽ ആയിരുന്നു ധ്യാൻ ശ്രീനിവാസൻ വാർത്ത വായനക്കാരനായത്.
അത്തരത്തിൽ ധ്യാൻ ശ്രീനിവാസന് സംസാരിക്കേണ്ടി വന്നവരിൽ ഒരാൾ അജു വർഗീസ് ആയിരുന്നു. ‘അടുത്തതായി അജു വർഗീസ് നമ്മളോടൊപ്പം ചേരുന്നു. അജു വർഗീസിനെ എല്ലാവർക്കും അറിയാമെന്ന് തോന്നുന്നു. സിനിമാനടൻ, പ്രഗത്ഭനായ നടനും എന്റെ പാർട്ണറുമാണ്’ എന്ന് പറഞ്ഞാണ് അജു വർഗീസിനെ ധ്യാൻ പരിചയപ്പെടുത്തിയത്. സത എന്നാണ് അജു വർഗീസ് ധ്യാനിനെ അഭിസംബോധന ചെയ്തത്. ധ്യാൻ എവിടെയോ എത്തിയെന്നും ഒരു സൈഡില് സുന്ദരിമാരുടെ കൂടെ ആർത്തുല്ലസിക്കുകയാണെന്നും ന്യൂസ് വായിക്കുന്നു. ഇങ്ങനെയൊക്കെ പോയാൽ താമസിയാതെ മന്ത്രിതന്നെയാകുമെന്നും അജു പറഞ്ഞു.
ഇതുവരെ ചെയ്തതെല്ലാം അറിയാത്ത പണികളാണല്ലോയെന്നും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും അറിയാത്ത പണിയാണെന്നും അതുകൊണ്ട് പുതുമയൊന്നും ഇല്ലെന്നും ധ്യാൻ പറഞ്ഞു. ഇത്തവണ ഓണം ഷൂട്ടിംഗ് ലൊക്കേഷനിൽ അല്ലെന്നും വൈറൽ പനി പിടിച്ച് വിശ്രമത്തിലായിരുന്നെന്നും അജു പറഞ്ഞു. ഒരു പരിപാടിയിൽ പോയി മടങ്ങുന്ന വഴിയാണെന്നും ഉച്ചയ്ക്ക് മുമ്പ് വീട്ടിലെത്തിയാൽ സദ്യ കഴിക്കുമെന്നും അല്ലെങ്കിൽ ഉച്ച കഴിഞ്ഞ് സദ്യ കഴിക്കുമെന്നും ധ്യാൻ പറഞ്ഞു. തനിക്ക് ധ്യാനിന്റെ കൂടെ സംസാരിക്കാൻ പേടിയാണെന്നും ധ്യാൻ മിണ്ടാതിരിക്കുന്നതും താൻ മാത്രം സംസിക്കുന്നതുമായിരിക്കും നല്ലതെന്നും അജു പറഞ്ഞു. കോളേജിൽ പഠിച്ചിരുന്ന കാലത്ത് ബോധമില്ലാത്ത ഓണക്കാലമായിരുന്നെന്നും ഇപ്പോൾ ബോധത്തോടെയുള്ള ഓണമാണെന്നും അജു പറഞ്ഞു. ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷമുള്ള പുതിയ പ്രൊജക്ട് ഫന്റാസ്റ്റിക് ഉടനെ തന്നെ പുറത്തു വിടുന്നത് ആയിരിക്കുമെന്ന് അജു പറഞ്ഞു. താനിതിനെപ്പറ്റി അറിഞ്ഞിട്ടില്ലല്ലോ എന്ന് ധ്യാൻ പറഞ്ഞപ്പോൾ സംവിധായകൻ ആയിരിക്കുമല്ലോ ഏറ്റവും അവസാനം അറിയുന്നത് എന്നായിരുന്നു അജുവിന്റെ മറുപടി.