സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഒപ്പം, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നിവിൻ പോളി തുടങ്ങി വലിയ യുവതാരനിരയും അണിനിരക്കുന്നുണ്ട്. 40 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് 50 ലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തിന്റെ ഡബ്ബിംഗിന് ധ്യാൻ ശ്രീനിവാസൻ എത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓട്ടോയിലാണ് ഡബ്ബിംഗിനായി ധ്യാൻ എത്തുന്നത്. വിനീത് ശ്രീനിവാസൻ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് എത്തിയിരിക്കുന്നത്. ചുരുക്കം പറഞ്ഞാൽ ലവ് ആക്ഷൻ ഡ്രാമയുടെ പെയ്മെന്റ് പോലും ഇതുവരെ കിട്ടിയിട്ടില്ല, പടം ലോ ബജറ്റ് ആണന്നു പറയാതെ പറഞ്ഞ ഡയറക്ടർ ബ്രില്യൻസ്, മീൻ വേടിക്കാൻ വരണ പോലെയാണ് ചെക്കൻ ഡബ്ബിങ്ങിന് വരുന്നത് അങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.
2024 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി അതിഥി കഥാപാത്രമായാണ് എത്തുക. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് വർഷങ്ങൾക്ക് ശേഷം സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാൻഡ് സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.