സിനിമ മേഖലയിലെ ലഹരിയാണ് ഇപ്പോൾ വിനോദവ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെപ്പറ്റി കഴിഞ്ഞ ദിവസം നടൻ ടിനി ടോം ഒരു പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. എന്നാൽ, ടിനിയുടെ പ്രസ്താവനയെ പാടേ തള്ളിക്കളഞ്ഞ് എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
സിനിമയിൽ ഒരു വലിയ നടന്റെ മകനായി അഭിനയിക്കാൻ മകന് അവസരം ലഭിച്ചെന്നും എന്നാൽ ഭാര്യ സമ്മതം നൽകിയില്ലെന്നും ആയിരുന്നു ടിനി പറഞ്ഞത്. മയക്കുമരുന്നിനെക്കുറിച്ചുള്ള ഭയം കൊണ്ടാണ് മകനെ അഭിനയിക്കാൻ വിടാൻ പറ്റില്ലെന്ന് ഭാര്യ പറഞ്ഞത്. 17 – 18 വയസിലാണ് കുട്ടികൾ വഴി തെറ്റുന്നതെന്നും തനിക്ക് ഒരു മകനേയുള്ളൂവെന്നും ടിനി പറഞ്ഞു. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരിയെന്നും ഇതിനെതിരെ യുവാക്കളാണ് മുന്നിൽ നിൽക്കേണ്ടത് എന്നുമാണ് ടിനി പറഞ്ഞത്. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.
ടിനിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ധ്യാന ശ്രീനിവാസൻ രംഗത്തെത്തിയത്. ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കുമെന്നും ലഹരി ആരും വായിക്കകത്ത് കുത്തിക്കേറ്റി തരുന്നതല്ലല്ലോ എന്നുമാണ് ധ്യാൻ ചോദിച്ചത്. ‘ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കിൽ അവൻ ഉപയോഗിക്കില്ല, അത്രേ ഉള്ളൂ’ – ഇതായിരുന്നു ധ്യാൻ പറഞ്ഞത്.