സൂപ്പർ ഹീറോ ചിത്രവുമായി ജനപ്രിയനായകൻ ദിലീപ് എത്തുന്നു. ‘പറക്കും പപ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ഒരു ലോക്കൽ സൂപ്പർ ഹീറോ എന്നാണ്. വിയാൻ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴി ദിലീപ് പുതിയ പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്.
ഏകദേശം നാലു വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 2018 ക്രിസ്മസ് ദിനത്തിലാണ് പറക്കും പപ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രീകരണം നീണ്ടു പോകുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്. രാമചന്ദ്രന് ബാബുവിന്റെ പ്രഫസര്‍ ഡിങ്കന് എന്ന ചിത്രവും ദിലീപിന്റേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ ചിത്രത്തിന്റെ തുടര്‍ അപ്ഡേറ്റുകള് ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഛായാഗ്രാഹകനായ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസര്‍ ഡിങ്കന് ത്രി ഡി ഫോര്‍മാറ്റിലാണ് ഒരുങ്ങുന്നത്.
അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായിക. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. പോസ്റ്ററിൽ മാസ് ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമ കൂടിയായ ബാന്ദ്ര അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മിക്കുന്നത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.