ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച് 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് രാമലീല. ദിലീപ്, മുകേഷ്, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം ആണു സിനിമ നിർമ്മിച്ചത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം മികച്ച വിജയമാണ് നേടിയെടുത്തത്. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് രാമലീലക്ക് തിരക്കഥ ഒരുക്കിയത്. രാമലീലക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നൊരു ചിത്രവും അരുൺ ഗോപി ഒരുക്കിയിരുന്നു.
ഇപ്പോഴിതാ രാമലീലക്ക് ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഉദയ കൃഷ്ണയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. തിരക്കഥ പൂർത്തിയായിയെന്നാണ് അറിയുവാൻ കഴിയുന്നത്. സിബി കെ തോമസ് – ഉദയ കൃഷ്ണ ടീം ഒട്ടേറേ ദിലീപ് ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. എങ്കിലും ഉദയ കൃഷ്ണ ഒറ്റയ്ക്ക് രചിക്കുന്ന ആദ്യത്തെ ദിലീപ് ചിത്രമാകും ഈ അരുൺ ഗോപി പ്രൊജക്റ്റ്. ഇതൊരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കുമെന്ന് ഉദയ കൃഷ്ണ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റാഫി ഒരുക്കിയ വോയിസ് ഓഫ് സത്യനാഥൻ ആണ് ഇനി റിലീസ് ചെയ്യാനുള്ള ദിലീപ് ചിത്രം. ഇത് കൂടാതെ പാതി ഷൂട്ടിംഗ് കഴിഞ്ഞു നിൽക്കുന്ന പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രവും ദിലീപിന് പൂർത്തിയാക്കാൻ ഉണ്ട്. വിയാൻ വിഷ്ണു ഒരുക്കാൻ പോകുന്ന സൂപ്പർ ഹീറോ ചിത്രമായ പറക്കും പപ്പനും ദിലീപ് കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രമാണ്.