ബാലചന്ദ്രകുമാര്‍ തന്റെ കയ്യില്‍ നിന്ന് പല തവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ടെന്ന് നടന് ദിലീപ്. ജാമ്യം റദ്ദാക്കുമെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടാണ് ജാമ്യം കിട്ടിയതെന്ന് ബാലചന്ദ്രകുമാര്‍ തെറ്റിദ്ധരിപ്പിച്ചു.
ബിഷപ്പിനെ ഇടപെടുത്തിയതിനാല്‍ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇയാളുടെ സിനിമയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്ക്കുന്ന ഫോട്ടോ അന്വേഷണസംഘം വീട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍, ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.