കണ്ടറിഞ്ഞതോ …ഇതോ ..ഇതോ … ആഹാ എത്ര മനോഹരമായാണ് ഈ കഥയും, അതിലെ പ്രണയവും, വരികളുടെ അർത്ഥവും, അതിലെ സംഗീതവും ഒരുപോലെ സംഗമിക്കുന്നത്. കണ്ടറിയേണ്ട കഥ തന്നെയാണ് ദിൽഖുഷ്. എന്തുകൊണ്ടെന്നല്ലേ. നിർവചനങ്ങൾക്കും, അനുഭൂതികൾക്കപ്പുറമാണ് പ്രണയം. രണ്ട് പേർക്കിടയിൽ ഉടമ്പടിയില്ലാത്ത വികാരം. അത് അത്രമേൽ മനോഹരമായി പകർത്തിവെച്ച നിരവധി സിനിമകളും മലയാളത്തിലുണ്ടായിട്ടുണ്ട് എന്നാൽ അതിനൊക്കെ പൊളിച്ചെഴുതുകയാണ് “ദിൽഖുഷ്” എന്ന കൊച്ച് സിനിമ. ഇതുവരെ കണ്ടു മടുത്ത പ്രണയ കഥകളിൽ നിന്നും അൽപ്പം വേറിട്ട ഈ ഹ്രസ്വ ചിത്രം കഥയെഴുതി, സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ M S ആണ്. ഈ ചിത്രം റൊമാന്റിക് ഡ്രാമ ക്രാഫ്റ്റിൽ മികച്ചു നിൽക്കുന്നുവെങ്കിലും ചിത്രത്തിന്റെ യഥാർത്ഥ കഥ ക്ലൈമാക്സിലെ പ്രേക്ഷകന് അറിയാൻ സാധിക്കൂ.
ചലച്ചിത്ര താരം കൂടിയായ യദു കൃഷ്ണയാണ് ദിൽഖുഷിലെ മറ്റൊരു പ്രധാന ആകർഷണം. ചെന്നൈ കലാക്ഷേത്രയിൽ നിന്നും ഭരതനാട്യത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയ യദുവിന്റെ സ്ക്രീൻ പ്രെസെൻസ് ദിൽഖുഷിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ചടുലമായ നോട്ടത്തിലും, നടത്തത്തിലും, പ്രണയാർദ്രമായ പുഞ്ചിരിയിലും നായികയും, നായികയോടൊപ്പം പ്രേക്ഷകനും അതിൽ ലയിച്ചങ്ങനെ നിൽക്കും. നൃത്ത അധ്യാപകനും, കൂടിയാണ് യദു. മലയാള സിനിമയിൽ മികച്ച അവസരങ്ങൾ എത്തിയ സമയത്താണ് കൊറോണയുടെ വരവ്. അതോടെ ഷൂട്ടിൽ ഉണ്ടായിരുന്ന കുറച്ചു നല്ല ചിത്രങ്ങൾ റിലീസിങ് വൈകി. ഈ അവസരത്തിലാണ് ദിൽഖുഷിലേക്ക് ക്ഷണം വരുന്നത്. ദിൽഖുഷ് യൂട്യൂബിൽ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ നായകനും ഹാപ്പി ആണെന്ന് പറയാം. പദ്മഭൂഷൻ അവാർഡ് ജേതാവായ പ്രൊഫ. സി.വി ചന്ദ്രശേഖറിന്റെ ശിഷ്യനും കൂടിയായ യദു ദൂരദർശനിൽ ഗ്രേഡ് ആർട്ടിസ്റ്റാണ്.
രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെയും ഭാഗമാകാൻ യദുവിനു കഴിഞ്ഞു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. വെയിൽ, ലളിതം സുന്ദരം എന്നീ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു.