ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത വിജയകിരീടം അണിഞ്ഞത് സീസൺ നാലിൽ ആയിരുന്നു. ദിൽഷ പ്രസന്നൻ ആയിരുന്നു സീസൺ നാലിൽ വിജയി ആയത്. 100 ദിവസത്തെ ബിഗ് ബോസ് കുടുംബത്തിലെ താമസം കഴിഞ്ഞിറങ്ങുമ്പോൾ നിരവധി വിവാദങ്ങളും ദിൽഷയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ത്രികോണപ്രണയവും റോബിൻ എന്ന മത്സരാർത്ഥിയുടെ വിവാഹാഭ്യർത്ഥനയും വലിയ ചർച്ചയായെങ്കിലും പക്വതയോടെ ഇത്തരം കാര്യങ്ങളോട് ദിൽഷ നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധ നേടിയിരുന്നു.
ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു ദിൽഷ പ്രസന്നൻ ശ്രദ്ധിക്കപ്പെട്ടത്. മികച്ച നർത്തകി ആയി പേരെടുത്ത ദിൽഷ ബിഗ് ബോസിൽ മികച്ച പ്രകടനം ആയിരുന്നു കാഴ്ച വെച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ദിൽഷ. ദിൽഷ സുഹൃത്തുക്കൾക്കൊപ്പം ചെയ്യുന്ന ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അടുത്തിടെ ദിൽഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്നാണ് വൈറലായത്. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് ദിൽഷ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടത്. ദിൽഷയ്ക്ക് വിവാഹമായോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. സമീഷ് ഫോട്ടോഗ്രാഫി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ദിൽഷ പങ്കു വെച്ചിരിക്കുന്നത്. ജാസ്മിൻ എം മൂസ അടക്കമുള്ളവർ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.