മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ്. 2017ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്. വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണി മുകുന്ദന് കലാഭവന്‍ ഷാജോണും ഒരുമിച്ചുള്ള ഒരു രംഗം തങ്ങള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് അജയ് വാസുദേവ് പറഞ്ഞത്. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പൊലീസ് ഉദ്യോഗസ്ഥരായാണ് ഉണ്ണി മുകുന്ദനും കലാഭവന്‍ ഷാജോണും സിനിമയില്‍ അഭിനയിച്ചത്. ഇവര്‍ മാത്രമുള്ള ഒരു രംഗത്തില്‍ ഇരുവരും ചേര്‍ന്ന് തങ്ങള്‍ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണെന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ഈ രംഗമാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധമെന്ന് സംവിധായകന് പറഞ്ഞത്. ‘ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണല്ലോ വില്ലന്‍. അക്കാര്യം പ്രേക്ഷകര്‍ക്ക് ഒരിക്കലും മനസിലാകരുത് എന്ന് കരുതിയാണ് അത്തരം സീനുകള്‍ നമ്മള് ഉള്‍പ്പെടുത്തിയത്. പക്ഷെ അവിടെ നമുക്കൊരു അബദ്ധം പറ്റിയിരുന്നു. ഉണ്ണിയും ഷാജോണും സംസാരിക്കുന്നതിന്റെ ഇടയില്‍ രണ്ട് പൊലീസുകാരെ കൂടി ഉള്‍പ്പെടുത്തണമായിരുന്നു. പക്ഷെ നമ്മള് അത് ചെയ്തില്ല’, അജയ് വാസുദേവ് പറഞ്ഞു.
ഇപ്പോള്‍ അത്തരം സീനുകള്‍ വരുമ്പോള്‍ ഏറെ ശ്രദ്ധ ചെലത്താറുണ്ടെന്നും അജയ് പറഞ്ഞു. രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇവരെന്തിനാണ് സംസാരിക്കുന്നത്. ഇവര്‍ക്ക് അറിയാമല്ലോ കാര്യങ്ങള്‍ പിന്നെന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ ചിന്തിക്കുന്നുണ്ട്. ആ സിനിമയില്‍ നിന്നും കിട്ടിയ വലിയൊരു പാഠമാണതെന്നും അജയ് കൂട്ടിച്ചേര്‍ത്തു.