2018 ല്‍ പൂര്‍ത്തിയായ സ്ക്രിപ്റ്റ് പല കാരണങ്ങളാല്‍ പൊളിച്ചെഴുതേണ്ടി വന്നിട്ടുണ്ടെന്ന് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് സംവിധായകന് അഭിനവ് സുന്ദര്‍ നായക്. 2017ലാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതി തുടങ്ങിയത്. 2018 വരെ അത് നീണ്ടു. 2019ല്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. ചില കാരണങ്ങളാല്‍ ഇത് നീണ്ടുപോകുകയായിരുന്നുവെന്നും അഭിനവ് പറഞ്ഞു.
2019ല്‍ ഷൂട്ടിംഗ് തീരുമാനിച്ചെങ്കിലും ഒരു നടന്റെ ഡേറ്റ് ലഭിക്കാതെ വന്നതോടെ അത് നീളുകയായിരുന്നു. 2020ല്‍ നടക്കുമെന്ന് കരുതിയെങ്കിലും കൊവിഡ് വന്നതോടെ അതും മുടങ്ങി. ഇതിനിടെ മുകുന്ദന് ഉണ്ണിയുമായി സാമ്യമുള്ള സീനുകള്‍ മറ്റ് പല ചിത്രങ്ങളിലും വന്നു. തുടര്‍ന്നാണ് സ്ക്രിപ്റ്റ് പൊളിച്ചെഴുതിയതെന്നും അഭിനവ് പറയുന്നു. തന്റെ ചിത്രം മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എഡിറ്റില്‍ മാറ്റം വരുത്തിയിട്ടില്ല. എഴുതിയപോലെ തന്നെയാണ് എഡിറ്റ് ചെയ്തിരിക്കുന്നതെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു.
വിനീത് ശ്രീനിവാസനാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.