യുവനടൻമാരായ നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒരു ഫാന്റസി മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രയിലറിൽ നിന്ന് വ്യക്തമാകുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രത്തിൽ നിവിൻ പോളിയോട് ഡബിൾ റോൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നും എന്നാൽ നിവിൻ പോളി അതിൽ നിന്ന് പിൻമാറുകയായിരുന്നെന്നും എബ്രിഡ് ഷൈൻ പറഞ്ഞു. നിവിൻ പോളി തന്നെയാണ് ആസിഫ് അലിയെ സജസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കുകയാണ് സംവിധായകൻ. അതേസമയം, ഈ സിനിമ ഹീറോയും ആന്റി ഹീറോയും തമ്മിലുള്ള മത്സരമോ അടിയോ യുദ്ധമോ ഒന്നുമല്ലെന്നും സംവിധായകൻ പറഞ്ഞു.
കൊച്ചിയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യം നിവിനോടാണ് ഈ കഥ പറഞ്ഞതെന്നും രണ്ടു റോളും ഒരുപോലെ പ്രധാനപ്പെട്ടത് ആയതിനാൽ ഡബിൾ റോൾ ചെയ്യാൻ നിവിനോട് ആവശ്യപ്പടുകയായിരുന്നു എന്നും എബ്രിഡ് പറഞ്ഞു. എന്നാൽ, ഒരു റോൾ താൻ ചെയ്യാമെന്നും മറ്റേ റോൾ വേറൊരു നടൻ ചെയ്യട്ടെ എന്നുമായിരുന്നു നിവിന്റെ പ്രതികരണം. അദ്ദേഹം തന്നെയാണ് ആസിഫ് അലിയെ സജസ്റ്റ് ചെയ്തതെന്നും സംവിധായകൻ പറഞ്ഞു. ആ സമയത്ത് ആസിഫ് അലി വേറെ ഒരുപാട് സിനിമകളുമായി തിരക്കിൽ ആയിരുന്നു. ആസിഫ് വരുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞപ്പോൾ ‘ചേട്ടൻ ഇതുപോയി പറഞ്ഞുനോക്ക്’ എന്നായിരുന്നു നിവിൻ പറഞ്ഞതെന്നും എബ്രിഡ് ഷൈൻ പറഞ്ഞു.
നിവിനെയും ആസിഫിനെയും പ്ലേസ് ചെയ്തത് ഒരേ പോലെ പ്രാധാന്യമുള്ള റോളുകളായത് കൊണ്ടാണ്. നിവിൻ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ഇതിൽ. നിവിൻ അത് മനോഹരമായി ചെയ്തിട്ടുണ്ട്. ആസിഫും ഒരു നല്ല ക്യാരക്ടറാണ് കൈകാര്യം ചെയ്യുന്നത്. ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. എബ്രിഡ് ഷൈന്‍ മഹാവീര്യറുടെ തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരന് എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ്. ജൂലൈ 21നാണ് ‘മഹാവീര്യര്‍’ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.