നടി ആക്രമിക്കപ്പെട്ട കേസിൽ അറിഞ്ഞോ അറിയാതെയോ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡി ജി പി ശ്രീലേഖ കഴിഞ്ഞദിവസം ആയിരുന്നു തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഇതിനു പിന്നാലെ വലിയ ആക്രമണമാണ് ശ്രീലേഖയ്ക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിൽ ദിലീപിനെയും ശ്രീലേഖയെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. ഡി ജി പി റാങ്കിൽ ഇരുന്ന സത്യസന്ധയായ ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാൻ പറ്റില്ലെന്നും സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെയും വിശ്വാസമില്ലാതെ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകുമെന്നും അഖിൽ മാരാർ പറഞ്ഞു. അതിജീവിക്കാൻ പാടുപെടുന്നത് ദിലീപാണെന്നും നഷ്ടപെട്ടത് അയാൾക്കാണെന്നും അഖിൽ മാരാർ പറഞ്ഞു.
അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘DGP റാങ്കിൽ ഇരുന്ന സത്യസന്ധയായ ഒരു വനിത പൊലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.. സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും. അവരെയും വിശ്വാസമില്ല. പകരം ഇവർക്ക് വിശ്വാസമാണ്. ആരെ..?
1.ബാലചന്ദ്ര കുമാറിനെ…
അതായത് ഇത്രയേറെ മാനസിക വിഷമം ഉണ്ടാക്കിയ സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി, തന്റെ ഭാര്യയ്ക്കും കുടുംബ അംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ. അത്രയേറെ തന്നെ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്തു വെച്ചു നാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തുവിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമ നാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ. നിങ്ങൾ ഒന്നാലോചിച്ചു നോക്കു, നിങ്ങൾ നിങ്ങളുടെ ഒരടുത്ത സുഹൃത്തിനെ വീട്ടിൽ വിളിച്ചു കയറ്റുന്നു. സ്വാതന്ത്യം നൽകുന്നു. അവനെ സഹോദരനെ പോലെ കാണുന്നു. കുറെനാൾ കഴിയുമ്പോൾ അവൻ നിങ്ങൾക്ക് ഒരു വീഡിയോ അയച്ചു തരുന്നു. നിങ്ങളുടെ കിടപ്പറ രംഗങ്ങൾ ഒളിക്യാമറയിൽ അവൻ പകർത്തിയിരിക്കുന്നു. അവന് പണം കൊടുക്കണം. ഇത്തരത്തിൽ മനോവൈകല്യം ഉള്ള ഒരുവനെ മാധ്യമങ്ങൾക്കും സാംസ്കാരിക നാറികൾക്കും വിശ്വാസമാണ്.
2. കേരള പോലിസിനെ
ചിരിപ്പിച്ചു കൊല്ലും. സത്യം പറയാൻ ആണോ മാധ്യമങ്ങൾ അതോ മാധ്യമങ്ങൾ പറയുന്നതാണോ സത്യം എന്ന് കോടതിമുറിക്കുള്ളിൽ അലറിവിളിച്ച പ്രിത്വിരാജിന്റെ ജനഗണമനയിലെ കഥാപാത്രം നമ്പി നാരായണന്റെ അവസ്ഥ കൂടി നമ്മെ ഓർപ്പെടുത്തുമ്പോൾ, ആ വേഷത്തിൽ നിന്നും ഇറങ്ങി കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചു നിലപാട് സ്വീകരിച്ചു. അതിജീവിക്കാൻ പാടുപെടുന്നത് ദിലീപാണ്. നഷ്ടപെട്ടത് അയാൾക്കാണ്. അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു. അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം. അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേസ് പരമാവധി നീട്ടി കൊണ്ട് പോകുന്നത്. 100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹമാധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്.’ സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്ത് എന്ന് പറഞ്ഞാണ് അഖിൽ മാരാറിന്റെ കുറിപ്പ് അവസാനിക്കുന്നത്.