പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഇളയദളപതി വിജയിയുടെ മകനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരു സിനിമ ചെയ്യാൻ പോകുന്നെന്ന വാർത്തയാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. വിജയ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റ് ഏപ്രിൽ 13ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രചരണാർത്ഥം വിജയ് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വിജയ് ഒരു ടെലിവിഷൻ അഭിമുഖം നൽകിയത്. ബീസ്റ്റ് സംവിധായകൻ കൂടിയായ നെൽസൺ ആയിരുന്നു വിജയിയെ അഭിമുഖം നടത്തിയത്.
അഭിമുഖത്തിന് ഇടയിലാണ് മകൻ സഞ്ജയിനെക്കുറിച്ചും സഞ്ജയുടെ സിനിമാപ്രവേശത്തെക്കുറിച്ചും നെൽസൻ ചോദിച്ചത്. അപ്പോഴാണ് പ്രേമം സിനിമയുടെ സംവിധായകനായ അൽഫോൻസ് പുത്രൻ തന്നെ സമീപിച്ച കാര്യം വിജയ് പറഞ്ഞത്. തന്നോട് കഥ പറയാനാണെന്ന് വിചാരിച്ചപ്പോൾ തന്റെ മകനെ വെച്ചായിരുന്നു അദ്ദേഹം കഥ ഉദ്ദേശിച്ചത്. കഥ കേട്ടപ്പോൾ തന്നെ ആ സിനിമ സഞ്ജയ് തന്നെ ചെയ്യണമെന്ന് തനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് സഞ്ജയോട് കാര്യം അവതരിപ്പിച്ചെന്നും രണ്ടു വർഷത്തിനു ശേഷം നോക്കാം എന്നായിരുന്നു മകന്റെ മറുപടിയെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ ആഗ്രഹങ്ങൾ ഒരിക്കലും മകനിൽ അടിച്ചേൽപ്പിക്കില്ലെന്നും വിജയ് വ്യക്തമാക്കി. അവരുടെ താൽപര്യത്തിന് വിടുകയാണ്. എന്തെങ്കിലും സഹായം ചെയ്തു കൊടുക്കേണ്ട സാഹചര്യം ഉണാടായാൽ ഉറപ്പായും ഒരു അച്ഛനായി ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. വിജയിയുടെ മറുപടിയിൽ ആരാധകർ ആവേശത്തിലാണ്. എന്നാൽ, രണ്ടു വർഷത്തിനു ശേഷം അൽഫോൻസ് പുത്രൻ ചിത്രം പരിഗണിക്കാമെന്ന സഞ്ജയയുടെ വാക്ക് തന്നെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്.