നടൻ പൃഥ്വിരാജിനെക്കുറിച്ച് വാചാലനായിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഒരു കമന്റ് ബോക്സിലാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ഡയലോഗുകൾ പഠിക്കുന്ന കാര്യത്തിൽ പൃഥ്വിരാജ് ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെയാണെന്നാണ് അൽഫോൻസ് പുത്രൻ പറഞ്ഞത്. അൽഫോൻസ് പുത്രന്റെ അവസാനം ഇറങ്ങിയ ചിത്രം ഗോൾഡ് ൽ പൃഥ്വിരാജ് ആയിരുന്നു നായകൻ.
സ്വന്തം ഡയലോഗുകൾ കാണാപ്പാഠം പഠിക്കുന്ന പൃഥ്വിരാജ് ആർക്കെങ്കിലും ഡയലോഗുകൾ തെറ്റി പോയാൽ തിരുത്തിക്കൊടുക്കാറുമുണ്ട്. ‘അഭിനയിക്കുന്ന സമയത്ത് ആറ് അഭിനേതാക്കളുടെയെങ്കിലും ഡയലോഗുകൾ അദ്ദേഹം തിരുത്തിക്കൊടുത്തത് എനിക്ക് ഓർമയുണ്ട്. ഹോളിവുഡിലേക്ക് അധികം താമസിയാതെ തന്നെ എത്തിപ്പെടാൻ സാധ്യതയുള്ള ഒരു പ്രൊഫഷണൽ ആണ് അദ്ദേഹം. ഹിന്ദി സിനിമയ്ക്കും തമിഴ് സിനിമയ്ക്കും അദ്ദേഹത്തിന്റെ ശക്തി അറിയാം. മൊഴി, കനാ കണ്ടേൻ, ഇന്ത്യൻ റുപ്പീ, നന്ദനം, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളാണ് രാജുവിന്റെ എനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ.’ – അൽഫോൻസ് പുത്രൻ കുറിക്കുന്നു.
പൃഥ്വിരാജിനെ അൽഫോൻസ് പുത്രൻ ഇത്രയും പൊക്കി പറയുന്നത് കേട്ട ഒരു ആരാധികയ്ക്ക് സഹിച്ചില്ല. രാജുവിനെ ഉഴിഞ്ഞിടേണ്ടി വരുമോ എന്നായിരുന്നു അവരുടെ ചോദ്യം. ഉഴിഞ്ഞിട്ടോളൂ എന്ന് അൽഫോൻസ് പുത്രൻ മറുപടി നൽകുകയും ചെയ്തു.