സിനിമ പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഫിലിം മേക്കിംഗ് ക്ലാസുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. സോഷ്യൽ മീഡിയയിലൂടെയാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് അൽഫോൻസ് പുത്രൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന എട്ടുതരം ഷോട്ടുകൾ കൊണ്ട് റീൽസ് ഉണ്ടാക്കി അയയ്ക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ക്ലാസ്.
അൽഫോൻസ് പുത്രൻ പങ്കുവെച്ച കുറിപ്പ്, ‘സിനിമ പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും വേണ്ടി, ഫിലിം മേക്കിംഗിനെ കുറിച്ചുള്ള എന്റെ ആദ്യ ക്ലാസ്. ഇത് പരീക്ഷിച്ച എല്ലാവർക്കും എനിക്ക് അയയ്ക്കാം, (എക്സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുൾ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്, മിഡ് ക്ലോസ് അപ് ഷോട്ട്, ക്ലോസ് അപ് ഷോട്ട്, എക്സ്ട്രീം ക്ലോസ് അപ് ഷോട്ട് എന്നിവ റീൽസ് അക്കി അയക്കുക. സിനിമാറ്റൊഗ്രഫി, എഡിറ്റിങ് എന്നിവയിൽ താൽപര്യമുള്ളവർ അതും റീൽസിൽ പരീക്ഷിക്കാം). എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ തിരികെ മെസ്സേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യും. എല്ലാവർക്കും ആശംസകൾ. ഗോപാലൻ ചേട്ടന്റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങൾക്കെല്ലാവർക്കും വേണ്ടി പറയുന്നു ( സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഡയലോഗാണ്) ഇനിമേ താൻ ആരംഭം…’
View this post on Instagram
സൂപ്പർ ഹിറ്റ് ആയിരുന്ന പ്രേമം എന്ന സിനിമയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോൾഡ്. എന്നാൽ, സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്ക് ഗോൾഡ് വിധേയമായിരുന്നു. ഇതിനെതിരെ സംവിധായകൻ രംഗത്ത് എത്തിയിരുന്നു. സിനിമ ഇഷ്ടമായില്ല എന്ന് പറയാം എന്നും എന്നാൽ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയിൽ താൻ ആകെ കണ്ടത് കമൽ ഹാസനിൽ മാത്രമാണ് എന്നും അൽഫോൺസ് പറഞ്ഞിരുന്നു. ഇതും ട്രോളുകാർ ഏറ്റെടുത്തു. ഇത്തരം അധിക്ഷേപങ്ങളുണ്ടായാൽ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് തന്റെ എല്ലാ പോസ്റ്റുകളും അൽഫോൺസ് പിൻവലിക്കുകയും പ്രൊഫൈൽ ചിത്രം മാറ്റുകയും ചെയ്തിരുന്നു. അതിന് ശേഷമുള്ള അൽഫോൺസിന്റെ ആദ്യത്തെ പോസ്റ്റാണ് ഇത്.