സംവിധായകൻ അൽഫോൻസ് പുത്രൻ പുതിയതായി ഒരുക്കുന്ന ചിത്രമാണ് ‘ഗോൾഡ്’ സിനിമ. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയും പൃഥ്വിരാജുമാണ് നായകർ. ചിത്രത്തിൽ നടൻ അജ്മൽ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വന്നേക്കരുത് എന്നായിരുന്നു ഗോൾഡ് സിനിമയെക്കുറിച്ച് അൽഫോൻസ് പുത്രൻ പറഞ്ഞത്. ഇപ്പോൾ ഗോൾഡ് സിനിമയെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ.
‘ഗോൾഡ് മൂവി വർക് ആയില്ലെങ്കിൽ അൽഫോൻസ് പുത്രൻ ലോ ആവുവോ’ എന്നാണ് കമന്റ് ബോക്സിൽ ഒരു ആരാധകൻ ചോദിച്ചത്. അതിന് അൽഫോൻസിന്റെ മറുപടി, ‘ഗോൾഡ് മൂവി വർക് ആയില്ലെങ്കിൽ സങ്കടം വരും. ഞാൻ ഒരു പ്രതിമയല്ല. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് നല്ല സങ്കടം വരും’ – ഇങ്ങനെ ആയിരുന്നു. നിരവധിപേരാണ് അൽഫോൻസ് പുത്രന്റെ കമന്റിന് ലൈക്ക് രേഖപ്പെടുത്തിയത്.
‘നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.’ – എന്നായിരുന്നു ഗോൾഡ് സിനിമയെക്കുറിച്ച് അൽഫോൻസ് പുത്രൻ പറഞ്ഞത്. ചിത്രത്തിൽ ജോഷി എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് നയൻതാര എത്തുന്നത്. ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, ബാബുരാജ്, ജഗദീഷ്, ലാലു അലക്സ്, ശബരീഷ്, ദീപ്തി സതി തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.