സംവിധായകനും തിരക്കഥാകൃത്തും നടനുമായ സോഹൻ സീനു ലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു. കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായെത്തിയിരിക്കുന്നത്.
സിദ്ദിഖ്- ലാൽ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് സോഹൻ സീനു ലാൽ സിനിമയിലെത്തിയത്. ഷാഫിയുടെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് കടന്നത്. 2011 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഡബിൾസ് ആയിരുന്നു സോഹൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് വന്യം, അൺലോക്ക് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.
ആക്ഷൻ ഹീറോ ബിജു, പുതിയ നിയമം, ഒരേ മുഖം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുത്തൻപണം, കുട്ടനാടൻ മാർപാപ്പ, ദ് പ്രീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും സോഹൻ അഭിനയിച്ചു. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തിയ പത്താം വളവ് എന്ന ചിത്രത്തിലും സോഹൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്.