പോക്കിരിരാജയും പുലിമുരുകനും മധുരരാജയും ഒരുക്കി പ്രേക്ഷകരെ പിടിച്ചിരുത്തിയ വൈശാഖിന്റെ പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാർച്ച് പതിനൊന്നിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ഒരു രാത്രിയാത്രയിൽ നടക്കുന്ന സംഭവങ്ങളാണ് നൈറ്റ് ഡ്രൈവിലൂടെ സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ജോർജ് എന്ന ഊബർ ഡ്രൈവറായി റോഷൻ മാത്യുവും റിയ റോയ് എന്ന മാധ്യമപ്രവർത്തക ആയി അന്ന ബെന്നും ആണ് ചിത്രത്തിൽ എത്തുന്നത്.
ഏതായാലും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ അറിയാൻ സംവിധായകനും താരങ്ങളും നേരിട്ടെത്തി. മാധ്യമസംഘത്തിന്റെ മൈക്കുകളുമായാണ് അവർ പ്രേക്ഷകരോട് സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചത്. ‘പടം അടിച്ചു പൊളിച്ചു’ എന്നായിരുന്നു സംവിധായകൻ വൈശാഖിന്റെ മുഖത്ത് നോക്കി ഒരു പ്രേക്ഷകൻ പറഞ്ഞത്. ‘നിങ്ങൾ അടുത്ത സ്റ്റാർ ആകാനുള്ള എല്ലാ ലക്ഷണങ്ങളും ഞാൻ കാണുന്നുണ്ട്’ എന്ന് റോഷൻ മാത്യുവിന്റെ മുഖത്ത് നോക്കി തുറന്നു പറയാനും പ്രേക്ഷകൻ മറന്നില്ല. വൈശാഖിനെ മനസിലായവർ അദ്ദേഹത്തെ അഭിനന്ദിച്ചു. ‘എല്ലാവരും നന്നായി അഭിനയിച്ചു, നല്ല പടം’ എന്ന് ചിലർ പറഞ്ഞപ്പോൾ ‘ആറാടുകയാണ്’ എന്ന ഒരു പ്രേക്ഷകന്റെ മറുപടി കൂടി നിന്നവരിൽ ചിരി പടർത്തി. ഇടപ്പള്ളിയിലെ വനിത വിനിത തിയറ്ററിൽ ആയിരുന്നു വൈശാഖും റോഷനും അന്ന ബെന്നും കൈലാഷും എത്തിയത്.
തിയറ്ററിൽ വന്ന് ആദ്യമായിട്ട് പ്രേക്ഷകരിൽ നിന്ന് അഭിപ്രായം കേട്ടതിന്റെ കൗതുകം വൈശാഖ് പങ്കുവെച്ചു. ഒരാളു പോലും സിനിമ ഇഷ്ടപ്പെട്ടില്ലെന്നോ മറ്റ് ഏതെങ്കിലും വിധത്തിൽ അനിഷ്ടമുണ്ടായതായോ പറഞ്ഞില്ലെന്ന് വൈശാഖ് വ്യക്തമാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എല്ലാവർക്കും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ സദസിൽ നൈറ്റ് ഡ്രൈവ് പ്രദർശനം തുടരുകയാണ്. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ഈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത് ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ്.