കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രഹ്മപുരം കുപ്രസിദ്ധമാണ്. മാലിന്യ പ്ലാന്റും അവിടുത്തെ തീപിടുത്തവിമാണ് ബ്രഹ്മപുരത്തെ കുപ്രസിദ്ധിയിലെത്തിച്ചത്. തീപിടുത്തം പതിവാണെങ്കിലും അടുത്തിടെയുണ്ടായ തീപിടുത്തവും കൊച്ചി വിഷപ്പുകയില്‍ മുങ്ങിയതുമാണ് ഏറ്റവും അധികം ജനശ്രദ്ധപിടിച്ചുപറ്റിയത്. സാംസാകാരിക, രാഷ്ട്രീയ, സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബ്രഹ്മപുരത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കലാഭവന്‍ ഷാജോണായിരിക്കും ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക.
‘ഇതുവരെ’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനില്‍ തോമസാണ്. പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബം നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നത്.
നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ‘മിന്നാമിനുങ്ങ്’ എന്ന സിനിമയുടെ സംവിധായകനാണ് അനില്‍.
ബ്രഹ്മപുരത്ത് 2019 ലും 2020 ലും 2021 ലുമൊക്കെ തീ പടര്‍ന്നിട്ടുണ്ടെന്നും തീയിടുന്നതാണ് എന്ന് അവിടെ ചെന്നപ്പോള്‍ മനസിലായി എന്നും സംവിധായകന് പറയുന്നു. മാലിന്യം വലിയ കൂമ്പാരമായി മല പോലയാകുകയാണ്. അത് മാറാന്‍ വേണ്ടിയാണ് തീയിടുന്നതെന്നും അനില്‍ പറഞ്ഞു. 2016 മുതല്‍ തന്റെ മനസില്‍ ബ്രഹ്മപുരം സിനിമയാക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലും കാന്തല്ലൂരിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.