മോഹന്‍ലാല്‍ നായകനായി എത്തുന്ന ബി. ഉണ്ണികൃഷ്ണന് ചിത്രം ആറാട്ടിന്റെ ടീസറിനും ട്രെയിലറിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആറാട്ടില്‍ സ്റ്റണ്ട് സീന്‍ കഴിഞ്ഞുള്ള പഞ്ച് ഡയലോഗുകള്‍ തെലുങ്കിലാണ്. അതിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന് പറയുകയാണ് സംവിധായകന് ബി. ഉണ്ണികൃഷ്ണന്.
അഭിനേതാക്കള്‍ക്ക് നല്കുന്ന ഫ്രീഡത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ബി. ഉണ്ണികൃഷ്ണന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആറാട്ടിന്റെ തിരക്കഥയില്‍ ഉദയകൃഷ്ണ ഉള്‍പ്പെടുത്തിയിരുന്ന പഞ്ച് ഡയലോഗുകളെ കുറിച്ച് ലാല്‍ സാര്‍ ചൂണ്ടിക്കാട്ടി. മിക്ക മാസ് ചിത്രങ്ങളിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് ശേഷം അവതരിപ്പിക്കുന്ന രീതിയാണതെന്നും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണമെന്നും പറഞ്ഞു. ഒരുപാട് ഒപ്ഷന്‍ ആലോചിച്ചിട്ടും കിട്ടിയില്ല. അവസാനം ‘എന്നാല്‍പ്പിന്നെ വല്ല തെലുങ്കും പറയാം’ എന്നായി താന്‍. അത് ലാല്‍ സാറിനും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ചിത്രത്തിലെ എന്‍ഡ് പഞ്ച് മുഴുവന്‍ തെലുങ്കാലയത്. ആ തെലുങ്കിന് കഥാപരമായി പ്രസക്തിയുണ്ടെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
ചിത്രത്തിലെ സ്റ്റണ്ടിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഗ്രാവിറ്റിയെ മാനിക്കുന്നില്ല, പറന്നുപോകുന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കാം. എന്നാല്‍ സ്റ്റണ്ട് കൊറിയോഗ്രാഫി മുന്‍പത്തെ അപേക്ഷിച്ച് ഒരുപാട് മാറിയിട്ടുണ്ട്. അതിനെ ആ രീതിയില്‍ കണ്ടാല്‍ പ്രശ്നംവരില്ല. സ്റ്റണ്ട് ഏത് രീതിയില്‍ ഷൂട്ട് ചെയ്താലും റിയലിസ്റ്റിക്കാകില്ല. മനസിനെ കെട്ടഴിച്ചുവിട്ട് വേണം സ്റ്റണ്ട് രംഗങ്ങള്‍ കാണാനെന്നും ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. ആക്ഷന്‍ രംഗങ്ങളെ മോഹന്‍ലാല്‍ സമീപിക്കുന്ന രീതിയും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഇത്രത്തോളം ആസ്വദിച്ച് ചെയ്യുന്ന ഒരു ആക്ടറെ താന്‍ കണ്ടിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. ആക്ടര്‍ എന്നപോലെ തന്നെ സ്റ്റണ്ടിലും അദ്ദേഹം തിളങ്ങും. സ്റ്റണ്ടിനോട് ലാല്‍ സാറിന് വല്ലാത്ത പാഷനാണെന്നും ബി. ഉണ്ണികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.