അന്തരിച്ച നടി കെപിഎസി ലളിതയും നടന് കോട്ടയം പ്രദീപും അവസാനം അഭിനയിച്ചത് തമിഴ് ചിത്രത്തില്‍. ആര്.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിച്ചത്. കെപിഎസി ലളിത വിടവാങ്ങിയതിന് പിന്നാലെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഹൃദയ സ്പര്‍ശിയായ വിഡിയോ ബാലാജി പങ്കുവച്ചു. ഒരുമിച്ചഭിനയിച്ചത് അവസാനത്തെ തമിഴ് പടമായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ബാലാജി വിഡിയോ പങ്കുവച്ചത്.
കെപിഎസി ലളിതയെ നേരില്‍ അറിയാനും ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന് ബാലാജി പറഞ്ഞു. എല്ലായ്പ്പോഴും കരുണയും കരുതലും പങ്കുവയ്ക്കാനുള്ള മനസ് താങ്കള്‍ക്കുണ്ടായിരുന്നു. അമ്മയ്ക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഓര്‍മകളില്‍ സൂക്ഷിക്കുമെന്നും ബാലാജി പറഞ്ഞു.
ബോളിവുഡ് ചിത്രം ബദായി ഹോയുടെ തമിഴ് പതിപ്പാണ് ബാലാജി ഒരുക്കുന്നത്. ഉര്‍വശി, സത്യരാജ്, കല്പന രവികുമാര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉര്‍വശിയുടെ അമ്മായിയമ്മയുടെ വേഷമാണ് കെപിഎസി ലളിത ചെയ്തത്.