മലയാളത്തിലെ സ്വന്തം സൂപ്പർ ഹീറോ ചിത്രമായാണ് മിന്നൽ മുരളി എത്തിയത്. ഒടിടിയിൽ ആണ് ചിത്രം റിലീസ് ചെയ്തത്. സിനിമയിലെ കഥാപാത്രങ്ങൾ അമാനുഷിക കഴിവുകൾ ഉള്ളവർ ആയിരുന്നു. അവരുടെ ഈ അമാനുഷിക കഴിവുകൾ കാണിക്കാൻ സിനിമയിൽ വി എഫ് എക്സ് ഉപയോഗിച്ചിരുന്നു. വി എഫ് എക്സിന്റെ സഹായത്തോടെ മികച്ച രീതിയിലാണ് സംവിധായകൻ സിനിമ ഒരുക്കിയത്. കുറഞ്ഞ ബജറ്റിൽ എത്തിയ ചിത്രമായിട്ടും മികച്ച നിലവാരമാണ് മിന്നൽ മുരളി എന്ന ചിത്രത്തിന് ഉണ്ടായിരുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2021/08/Basil-Joseph.jpg?resize=750%2C500&ssl=1)
കഴിഞ്ഞയിടെ ആയിരുന്നു പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷൻ സിനിമയുടെ ടീസർ എത്തിയത്. 500 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ, ആദിപുരുഷ് ടീസറിന് വി എഫ് എക്സിന്റെ പേരിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നു. വി എഫ് എക്സ് മാത്രം മനസിൽ കണ്ട് സിനിമ ചെയ്യാൻ പാടില്ലെന്ന് വ്യക്തമാക്കുകയാണ് മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ്. കുറേ ബജറ്റ് ഉണ്ടെന്ന് വിചാരിച്ച് മുഴുവൻ വി എഫ് എക്സ് വെച്ചിട്ട് ചെയ്യാമെന്ന് ചിന്തിക്കരുതെന്നും ബേസിൽ പറഞ്ഞു.
പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിപുരുഷ് ടീസർ ട്രോളുകൾ ഏറ്റുവാങ്ങാനുള്ള കാരണത്തെക്കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞത്. അതേസമയം, ആദിപുരുഷിന്റെ വി എഫ് എക്സ് പരാജയപ്പെടാനുള്ള കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും ബേസിൽ പറഞ്ഞു. മിന്നൽ മുരളിയിൽ വി എഫ് എക്സ് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ഒരു തിരക്കഥ ആലോചിക്കുന്ന സമയം തൊട്ടേ വി എഫ് എക്സ് നമ്മുടെ പ്ലാനിന്റെ ഭാഗമായിരിക്കണമെന്ന് ബേസിൽ പറഞ്ഞു. തുടക്കം മുതൽ വി എഫ് എക്സ് ആർട്ടിസ്റ്റ് കൂടെ തന്നെ വേണമെന്നും സിനിമയുടെ പ്രൊഡക്ഷൻ സമയം തൊട്ട് അതിനെക്കുറിച്ച് നമ്മൾ ചിന്തിക്കണമെന്നും ഒരു സീൻ ആലോചിക്കുമ്പോൾ തന്നെ എങ്ങനെ അതിലേക്ക് വി എഫ് എക്സ് കൊണ്ടുവരാൻ കഴിയുമെന്ന് നമ്മൾ ആലോചിക്കണമെന്നും ബേസിൽ പറഞ്ഞു. ഒരു സിനിമയിൽ കഥാപാത്രങ്ങൾ, അവരുടെ ഇമോഷൻസ് ഇതെല്ലാം നന്നായി വർക്ക് ചെയ്യണമെന്നും അതിന്റെ മേലെ വി എഫ് എക്സ് കൂടെ വർക്കായി കഴിഞ്ഞാൽ സിനിമ വിജയമായെന്നും ബേസിൽ പറഞ്ഞു.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2018/09/received_241142416561325-1024x683.jpeg?resize=788%2C526&ssl=1)