യൂത്ത് കോൺഗ്രസിന്റെ പാലക്കാട് നടന്ന ക്യാമ്പിൽ പങ്കെടുത്ത് യുവസംവിധായകൻ ബേസിൽ ജോസഫ്. സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകൻ ഫേസ്ബുക്കിൽ കുറിച്ചു. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സി പി എം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത് കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണെന്ന് സുധാകരൻ കുറിച്ചു. ശബരിനാഥൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളും ബേസിലിന്റെ ചിത്രം പങ്കുവെച്ച് നന്ദി അറിയിച്ചു.
കെ സുധാകരൻ ബേസിൽ ജോസഫിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസിന്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സി പി എം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്. മേശപ്പുറത്ത് അവാർഡ് വെച്ചിട്ട്, എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല. ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റേത്. അത് മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ.’
ബേസിലിനോട് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശബരിനാഥന്റെ കുറിപ്പ്, ‘ബേസിൽ ജോസഫും ഞാനും CET യിൽ (കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം) നിന്നും പഠിച്ചവരായതു കൊണ്ടു നമ്മൾ തമ്മിൽ ഒരു സ്പെഷ്യൽ ബന്ധമുണ്ട്. ‘പ്രിയംവദ കാതരയാണോ’ മുതൽ ‘മിന്നൽ മുരളി’ വരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ എവിടെയോ ഒരു CET ടച്ച് ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഇന്ന് പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ബേസിൽ വന്നപ്പോൾ ഓർമ്മവന്നതും അതു തന്നെയാണ്. ലളിതമായി, ജാടകളില്ലാതെ നർമ്മത്തിൽ ചാലിച്ചു ബേസിൽ ക്യാമ്പിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പുതിയ തലമുറയിലുള്ളവർക്കും എന്നെ പോലെയുള്ള രാഷ്ട്രീയകാർക്കും കുറെയേറെ പഠിക്കാനുണ്ട്.’