ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെബ്രുവരി ഒന്‍പതിന് സ്ഫടികം റീ റിലീസ് ചെയ്യുകയാണ്. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും ദൈര്‍ഘ്യം കൂട്ടിയുമാണ് ചിത്രം എത്തുന്നത്. എന്നാല്‍ തീയറ്ററില്‍ എത്തുന്ന സ്ഫടികം റിലോഡഡിന് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒടിടി റിലീസ് ഉണ്ടാവില്ല എന്ന് പറയുകയാണ് സംവിധായകന് ഭദ്രന്.
സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ പൂര്‍ണ തികവോടെ തീയറ്ററില്‍ തന്നെ കാണണമെന്നാണ് ഭദ്രന് ആവശ്യപ്പെട്ടിരിക്കുന്നത്. മിനിമം മൂന്ന് വര്‍ഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് തന്റെ മേല്‍നോട്ടത്തില്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണ് വീണ്ടും സ്ഫടികം തിയേറ്ററില്‍ എത്തിക്കുന്നതെന്നും ഭദ്രന് പറഞ്ഞു. 1995ലാണ് സ്ഫടികം തീയറ്ററുകളില്‍ എത്തിയത്. അന്നത്തെ ബോക്സ് ഓഫീസില്‍ എട്ട് കോടിയിലധികം കളക്ഷന്‍ നേടിയ സ്ഫടികം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. തിലകനും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച കാഴ്ചയാണ് ചിത്രത്തില്‍ കണ്ടത്. ഉര്‍വശി, നെടുമുടി വേണു, കെപിഎസി ലളിത, അശോകന്, രാജന് പി ദേവ്, സില്‍ക്ക് സ്മിത തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.