പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രം ജനഗണമനയുടെ ട്രയിലർ കഴിഞ്ഞദിവസം ആയിരുന്നു റിലീസ് ചെയ്തത്. നാലര മിനിറ്റോളം നീണ്ടുനിന്ന ട്രയിലർ ഒരു സ്ഫോടനത്തോടെ അവസാനിച്ചപ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷ ഇരട്ടിയായി. ട്രയിലറിലെ ആ സ്ഫോടനം തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്രയിലറിലെ ആ സ്ഫോടനം ഒറിജിനൽ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഡിജോ ജോസ്. അമ്പരപ്പിക്കുന്ന രംഗങ്ങളും ഞെട്ടിക്കുന്ന ഡയലോഗുകളുമായിട്ട് ആയിരുന്നു ‘ജനഗണമന’യുടെ ട്രയിലർ എത്തിയത്. ‘നമ്മുടെ രാജ്യത്ത് നോട്ട് നിരോധിക്കും, വേണ്ടിവന്നാൽ വോട്ട് നിരോധിക്കും. ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയാണ്’ എന്നാണ് ട്രയിലറിൽ പൃഥ്വിരാജ് സുകുമാരൻ പറയുന്ന മാസ് ഡയലോഗ്. രാഷ്ട്രീയവും പാവപ്പെട്ടവന്റെ പ്രതിഷേധവും എല്ലാം ഉൾക്കൊള്ളിച്ചായിരുന്നു നാലേകാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രയിലർ തയ്യാറാക്കിയത്. അവസാനം ഒരു വലിയ സ്ഫോടനത്തോടെ ആയിരുന്നു ട്രയിലർ അവസാനിച്ചത്.
വളരെ വ്യത്യസ്തമായ പ്രമേയം അതിന്റെ എല്ലാ താളക്രമത്തോടെയും അണിയിച്ച് ഒരുക്കിയിരിക്കുകയാണെന്ന് ട്രയിലർ വ്യക്തമാക്കുന്നു. ചിത്രത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഏപ്രിൽ 28ന് തിയറ്ററിൽ ചിത്രം റിലീസ് ചെയ്യും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷാരിസ് മുഹമ്മദിന്റേതാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജനഗണമനയ്ക്കുണ്ട്. ക്വീൻ എന്ന ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജനഗണമന. ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ 2021 ജനുവരി 26ന് ആയിരുന്നു റിലീസ് ചെയ്തത്. ഇതിനകം നാലു മില്യണിൽ അധികം ആളുകളാണ് ഈ ടീസർ കണ്ടത്. ടീസറിൽ കൈയിൽ വിലങ്ങ് അണിഞ്ഞ കുറ്റവാളിയായി പൃഥ്വിരാജും പൊലീസുകാരനായി സുരാജ് വെഞ്ഞാറമൂടും ആണ് പ്രത്യക്ഷപ്പെടുന്നത്. ഏതായാലും ടീസർ ഇറങ്ങി ഒരു വർഷത്തിനു ശേഷം ട്രയിലർ കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.