മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ക്രിസ്മസ് റിലീസ് ആയി എത്തുന്ന ചിത്രം ഡിസംബർ 21ന് തിയറ്ററുകളിൽ എത്തും. അതേസമയം, ചിത്രത്തെക്കുറിച്ച് ഒരു ചെറിയ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സസ്പെൻസോ ട്വിസ്റ്റോ ഇല്ലാത്ത ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമ ആയിരിക്കും സിനിമയെന്നാണ് ജീത്തു പറയുന്നത്. സിനിമ തുടങ്ങി ആദ്യ പത്തു മിനിറ്റിൽ തന്നെ കഥ പൂർണമായും പറയും. അതിനു ശേഷം കോടതിയിൽ നടക്കുന്ന വാദങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ചെറിയ ബജറ്റിൽ തീർത്ത ചിത്രമാണ് ‘നേര്’ എന്ന് സംവിധായകൻ വ്യക്തമാക്കുന്നു.
ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന വിഷയമാണ് സിനിമയുടെ പ്രമേയം. അതിനകത്തൊരു അവസ്ഥയുണ്ട്. അത് എങ്ങനെയാണ് കോടതിയിൽ എത്തുമ്പോൾ അവതരിപ്പിക്കപ്പെടുകയെന്നതിന്റെ കാഴ്ചകളാണ് സിനിമ പറയുന്നത്. ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമയല്ല ഇതെന്നും സിനിമ തുടങ്ങി 10 മിനിറ്റ് കഴിയുമ്പോൾ കാഴ്ചക്കാർക്ക് കാര്യം പിടി കിട്ടുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കുന്നു. നേരിന്റെ കഥയെക്കുറിച്ച് കേട്ടപ്പോൾ തന്നെ മോഹൻലാൽ താൽപര്യം പ്രകടിപ്പിച്ചെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ഒരുമിച്ചാണ്. ദൃശ്യം 2, ഗാനഗന്ധർവ്വൻ എന്നീ സിനിമകളിൽ വക്കീൽ വേഷത്തിൽ തിളങ്ങിയ നടിയാണ് ശാന്തി മായദേവി. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്ലാല് ചിത്രത്തിന്റെ ടാഗ് ലൈന്. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ അഭിഭാഷകനായിട്ട് ആയിരിക്കും മോഹൻലാൽ എത്തുക.