ഏറെ ചർച്ചയായ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയ്ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ശ്രീധന്യ കാറ്ററിങ്ങ് സർവീസ്’. തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് വലിയ രീതിയിലുള്ള പ്രേക്ഷകപ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ രസകരമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കൂട്ടുകാരന്റെ മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി വെക്കാൻ ഒത്തുകൂടുന്ന ആൺകൂട്ടത്തിന്റെ ആഘോഷമാണ് കാണാൻ കഴിയുന്നത്. ആഘോഷത്തിനിടയിൽ നടക്കുന്ന കൊച്ചു കൊച്ചു തമാശകളും കൂടി ചേർന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മികച്ച പ്രതികരണമാണ് ശ്രീധന്യ കാറ്ററിംഗ് സർവീസിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് മമ്മൂട്ടിയുമായുള്ള തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ജിയോ ബേബി മനസു തുറന്നത്. തന്റെ അടുത്ത സിനിമ മമ്മൂട്ടിയുമായി ചേർന്നാണെന്നും തന്റെ രണ്ടു കൂട്ടുകാർ ചേർന്നാണ് സിനിമയുടെ കഥ എഴുതുന്നതെന്നും സിനിമയെക്കുറിച്ച് അതു മാത്രമേ ഇപ്പോൾ പറയാൻ പറ്റുകയുള്ളൂവെന്നും ജിയോ ബേബി പറഞ്ഞു.
‘ഞങ്ങൾ എഴുത്തിലാണ്. മമ്മൂട്ടിയുമായി സിനിമ ചെയ്യുന്നതിന്റെ എക്സൈറ്റ്മെന്റും സന്തോഷവുമുണ്ട്. എന്നാൽ ടെൻഷനില്ല. ഉത്തരവാദിത്തമാണ് ടെൻഷനേക്കാൾ ഉള്ളത്.’ – ജിയോ ബേബി പറഞ്ഞു. മമ്മൂട്ടിയുടെ ഏത് സിനിമ എടുത്ത് നോക്കിയാലും ഒരുതരം മാജിക്കുണ്ടെന്നും അതുകൊണ്ടാണ് നമ്മൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ അത് മമ്മൂട്ടി ചെയ്താലേ ശരിയാകൂ എന്ന് തോന്നിപ്പോകുന്നതെന്നും ജിയോ ബേബി പറഞ്ഞു.