മമ്മൂട്ടിയെ നായകനാക്കി പ്രീസ്റ്റ് എന്ന ചിത്രം ഒരുക്കിയ സംവിധായകൻ ജോഫിൻ ടി ചാക്കോ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. തന്റെ പുതിയ സിനിമയിലേക്ക് നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജോഫിൻ ഇപ്പോൾ. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പീരിയഡ് ബജറ്റ് ത്രില്ലറുമായാണ് ജോഫിൻ എത്തുന്നത്. സിനിമയിലെ അഭിനേതാക്കളെ തീരുമാനിച്ചു വരുന്നതേയുള്ളൂ. അതേസമയം, പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.
പതിനാറു വയസു മുതൽ 23 വയസുവരെ പ്രായമുള്ള പെൺകുട്ടികളെയാണ് നായികയാകാൻ അന്വേഷിക്കുന്നത്. ഒക്ടോബർ 30 വരെ ചിത്രങ്ങൾ അയയ്ക്കാം. . താൽപര്യമുള്ള കുട്ടികൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അഞ്ച് ചിത്രങ്ങൾ അയയ്ക്കുക. മലയാളത്തിലെ പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ചിത്രം വലിയ മുതൽമുടക്കിൽ ഒരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു പ്രീസ്റ്റ്. കോവിഡ് സിനിമാമേഖലയ്ക്ക് ഉണ്ടാക്കിയ ക്ഷീണത്തിൽ നിന്ന് മലയാളസിനിമയ്ക്ക് പുത്തനുണർവ് നൽകിയ ചിത്രമായിരുന്നു ഇത്. വൈദികവേഷത്തിൽ ആയിരുന്നു ഈ ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. അൻപതു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ എന്നിവർ ആയിരുന്നു മറ്റ് കഥാപാത്രങ്ങളായി എത്തിയത്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണൻ, വി എൻ ബാബു എന്നിവർ ചേർന്ന് ആയിരുന്നു നിർമാണം.