നടൻ ആന്റണി വർഗീസിന് എതിരെ തെറ്റായ ആരോപണങ്ങൾ ഉയർത്തിയതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ആൻ്റണി വർഗീസ് എന്ന പെപ്പെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജൂഡ് രംഗത്തെത്തിയത്. സിനിമയിൽ അഭിനയിക്കാനായി 10 ലക്ഷം രൂപ പെപ്പെ നിർമാതാവിന്റെ പക്കൽ നിന്ന് വാങ്ങിയെന്നും ആ പണം കൊണ്ട് പെങ്ങളുടെ കല്യാണം നടത്തിയെന്നും ആയിരുന്നു ആരോപണം. ഇതു കൂടാതെ പെപ്പെയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലും ജൂഡ് ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. എന്നാൽ, ജൂഡിന്റെ ആരോപണം തള്ളിക്കളഞ്ഞ് തെളിവു നിരത്തി കഴിഞ്ഞദിവസം പെപ്പെ വാർത്താസമ്മേളനം നടത്തിയിരുന്നു. നിർമാതാക്കളുടെ പക്കൽ നിന്ന് വാങ്ങിയ പണം താൻ തിരികെ നൽകിയെന്നും സഹോദരിയുടെ വിവാഹം നടത്തിയത് ആ പണം കൊണ്ടല്ലെന്നും ആയിരുന്നു പെപ്പെ തെളിവു നിരത്തി വ്യക്തമാക്കിയത്.
പെപ്പെയുടെ വിശദീകരണത്തിന് പിന്നാലെ പെപ്പെയോട് മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജൂഡ്. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ ടോൺ മാറിപ്പോയി എന്നുമായിരുന്നു ജൂഡ് പറഞ്ഞത്. വായിലെ നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ താൻ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ജൂഡ് പെപ്പെയെ അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധത്തിലാണ് താൻ ഇപ്പോൾ ഇരിക്കുന്നതെന്ന് പറഞ്ഞു.
അവന്റെ പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയ്ക്ക് അഡ്വാൻസ് മേടിച്ച കാശുകൊണ്ടാണെന്ന് താൻ പറഞ്ഞു. അത് സത്യമാണോ എന്നുപോലും അറിയാത്ത കാര്യമായിരുന്നു. അവന്റെ പെങ്ങളുടെ കല്യാണം ആ സമയത്ത് കഴിഞ്ഞതു കൊണ്ട് അത് അങ്ങനെയാണെന്ന് വിചാരിച്ചു. പറഞ്ഞ രീതിയും പറഞ്ഞ കാര്യവും മാറിപ്പോയി. പെപ്പെയുടെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകുമെന്നും അതുകൊണ്ടുതന്നെ അവരോട് മാപ്പ് പറയുകയാണെന്നും ജൂഡ് പറഞ്ഞു.