കെ.മധു-എസ്.എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ 5 ദി ബ്രയിന്‍ പ്രേക്ഷകരിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 34 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐയുടെ അഞ്ചാം ഭാഗം ഇറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന് കെ. മധു.
സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മമ്മൂട്ടിയ്ക്കും കഥാപാത്രത്തിനും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് കെ. മധു പറഞ്ഞു. ഒരു കാര്യത്തില്‍ ഒഴികെ ബാക്കിയെല്ലാം പഴയതുപോലെയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യരുടെ വാച്ച് മാത്രമാണ് മാറിയിരിക്കുന്നത്. പൂണൂല്, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി തുടങ്ങി ബാക്കിയെല്ലാം പഴയതുപോലെയാണ്. മറ്റൊരു നടയായിരുന്നെങ്കില് കാര്യമായ രൂപമാറ്റം ഉണ്ടാകുമായിരുന്നുവെന്നും കെ. മധു പറഞ്ഞു.
‘സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുമ്പോള്‍ മമ്മൂട്ടിക്ക് 40 വയസില്‍ താഴെമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 70 ആയി വേറൊരു നടനാണെങ്കില്‍ 34 വര്‍ഷംകൊണ്ട് രൂപം കാര്യമായി മാറും. സേതുരാമയ്യര്‍ക്ക് മാറ്റമില്ലെന്ന് എല്ലാവരും പറഞ്ഞു. മമ്മൂട്ടി മേക്കപ്പിട്ട വന്നപ്പോള്‍ തനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ഷര്‍ട്ടും പാന്റ്സും പഴയ ശൈലിയില്‍ തന്നെ പൂണൂല്, രുദ്രാക്ഷമാല, നെറ്റിയില്‍ കുങ്കുമക്കുറി, പിന്നിലേക്ക് ചീകി ഒതുക്കിവച്ച മുടി, കൈ പിന്നില്‍ കെട്ടിയുള്ള നടത്തം. മമ്മൂട്ടി കുറെക്കൂടി ചെറുപ്പമായാണ് തോന്നിയതെന്നും കെ. മധു പറഞ്ഞു.