നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമെന്ന് സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക്കിന്റെ പ്രതികരണം. മമ്മൂട്ടിയുടെ ചിത്രവും കാര്‍ത്തിക് പങ്കുവച്ചു. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. കാര്‍ത്തികിന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി അദ്ദേഹത്തിന് നന്ദി പറഞ്ഞു. നിങ്ങള്‍ ചിത്രം കണ്ടതില്‍ സന്തോഷമെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് തീര്‍ത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താല്‍ അതില്‍ ഒന്ന് നന്‍പകല്‍ നേരത്ത് മയക്കത്തിലെ ജയിംസ് എന്ന കഥാപാത്രവും തീര്‍ച്ചയായും ഇടംപിടിക്കും. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.
രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു എസ്. ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്, അനൂപ് സുന്ദരന്‍, പിആര്‍ഒ- പ്രതീഷ് ശേഖര്‍.