പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിനയന് സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട്. തിരുവോണദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തിയത്. ഇപ്പോഴിതാ വിനയനേയും സിജു വില്സണിനേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജര്‍ രവി.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിജു വില്‍സണ്‍ കാഴ്ചവച്ചത് പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രകടനാണെന്ന് മേജര്‍ രവി പറഞ്ഞു. സിജു മലയാള സിനിമയുടെ വാഗ്ദാനമാകുമെന്ന് ഉറപ്പാണ്. സിജു എന്ന നടനെവച്ച് വിനയന് എന്ന സംവിധായകന് എടുത്ത ഉദ്യമവും സിജു അതിനോട് പുലര്‍ത്തിയ നീതിയും എടുത്തുപറയേണ്ടതാണ്. പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രകടനമാണ് സിജു കാഴ്ചവച്ചത്. സിജു ശരിക്കും അദ്ഭുതപ്പെടുത്തി. നമുക്ക് പുതിയൊരു നായകനെ കിട്ടുക എന്നുപറയുന്നത് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ആളുകള്‍ക്കുമെല്ലാം സന്തോഷമാവും. ഒരു ദാരിദ്ര്യം മാറിക്കിട്ടും. വിനയന്റെ ഏതുപടമെടുത്താലും കഠിനശ്രമം കാണാനാകും. തട്ടിക്കൂട്ട് പടമൊന്നും ആയിരിക്കില്ലെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വിനയന് ഒരുക്കിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്.
കയാദു ലോഹര്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ നായികയായി എത്തിയത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്, കൃഷ്ണ, ബിജു പപ്പന്, ബൈജു എഴുപുന്ന തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.