സിനിമാലോകം ഒരു ബ്രഹ്മാണ്ഡ ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ്. സംവിധായകൻ മണിരത്നം ഒരുക്കുന്ന ‘പൊന്നിയിൻ സെൽവൻ’ സിനിമയ്ക്കു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ കൽക്കിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന നോവലാണ് അതേ പേരിൽ മണിരത്നം സിനിമയാക്കിയിരിക്കുന്നത്. സെപ്തംബർ 30ന് ചിത്രം തിയറ്ററുകളിൽ എത്തും. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പൊന്നിയിൻ സെൽവൻ ടീം എത്തി. പ്രസ് മീറ്റുകളിടെയും അഭിമുഖങ്ങളുടെയും തിരക്കിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. പ്രമോഷൻ പരിപാടികളിൽ സംവിധായകന മണിരത്നവും പങ്കെടുക്കുന്നുണ്ട്.
സിനിമയുടെ ചിത്രീകണം ആരംഭിച്ചത് 2019ലായിരുന്നു. സിനിമ പൂർത്തീകരിച്ചതിന്റെ വിവിധ ഘട്ടങ്ങളെപ്പറ്റിയും ഷൂട്ടിംഗ് പ്രോസസിനെപ്പറ്റിയും മണിരത്നം പറയുന്നത് വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ കേൾക്കുന്നത്. പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും ‘പൊന്നിയിൻ സെൽവൻ’ സിനിമയുടെ അണിയറപ്രവർത്തകർ എത്തിയിരുന്നു. കൊച്ചിയിൽ വെച്ച് ഒരു മാധ്യമപ്രവർത്തകൻ മണിരത്നത്തിനോട് ചോദിച്ച ചോദ്യവും അതിന് മണിരത്നം നൽകിയ മറുപടിയുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സിനിമയിൽ രാജാക്കന്മാരും രാജ്ഞിമാരും ഒക്കെയാണ് പ്രധാന കഥാപാത്രങ്ങൾ. അതുകൊണ്ടു തന്നെ അവരുടെ കോസ്റ്റ്യൂം വളരെ പ്രധാനപ്പെട്ടതാണ്. സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഒറിജിനൽ സ്വർണാഭരണങ്ങൾ തന്നെയാണ് പൊന്നിയിൻ സെൽവൻ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് സിനിമയിൽ ഒറിജിനൽ സ്വർണം തന്നെ ഉപയോഗിച്ചതെന്ന് ആയിരുന്നു കൊച്ചിയിലെ ഒരു മാധ്യമപ്രവർത്തകന്റെ സംശയം. എന്നാൽ, ചിരിച്ചു കൊണ്ട് വളരെ രസകരമായ മറുപടിയാണ് മണിരത്നം ഈ ചോദ്യത്തിന് നൽകിയത്.
‘എന്താ നിങ്ങൾക്ക് ഫേക്ക് ഐറ്റംസ് മാത്രമേ വേണ്ടതുള്ളൂ എന്നാണോ? ഒറിജിനൽ ഗോൾഡ് പറ്റില്ലേ?’ എന്നായിരുന്നു മണിരത്നം ചിരിച്ചു കൊണ്ട് മാധ്യമപ്രവർത്തകനോട് ചോദിച്ചത്. സ്വർണം മാത്രമല്ല ചിത്രത്തിൽ കാണിക്കുന്ന കുതിരകളും ഒറിജിനൽ ആണെന്ന് നടൻ വിക്രം പറഞ്ഞത് സദസിൽ ചിരി പടർത്തി. മണി സാറിന്റെ സിനിമകൾ നൂറു ശതമാനവും ഒറിജിനൽ ആയിരിക്കുമെന്ന് ആയിരുന്നു ഇതിനിടയിൽ അവതാരകന്റെ കമന്റ്. വിക്രം, ഐശ്വര്യ റായി, തൃഷ, കാർത്തി, ജയം രവി, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയറാം തുടങ്ങി വലിയ താരനിരയാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.