മലയാളസിനിമ ഇതുവരെ കാണാത്ത രീതിയിൽ വളരെ വ്യത്യസ്തമായ ശൈലിയിൽ സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ‘മഹാവീര്യർ’. നിവിൻ പോളി. ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. പല കാലങ്ങളെ സംയോജിപ്പിച്ച് കഥ പറഞ്ഞ ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയിരിക്കുന്നത്. എഴുത്തുകാരൻ എം മുകുന്ദന്റെ സിനിമയാണ് എബ്രിഡ് ഷൈൻ സിനിമയാക്കിയിരിക്കുന്നത്.
ഇപ്പോൾ സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മാരി സെൽവരാജ്. കർണൻ സിനിമയുടെ സംവിധായകനാണ് മാരി സെൽവരാജ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മാരി സെൽവരാജ് മഹാവീര്യർ ടീമിന് അഭിനന്ദനം അറിയിച്ചത്. വളരെ മനോഹരവും കൗതുകകരവുമായ ഒരു സറ്റയർ ആണ് ഈ ചിത്രമെന്നും സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും അത് അധികാരത്തോട് ഇഴയുന്ന രീതിയെക്കുറിച്ചും അടിച്ചമർത്തപ്പെട്ടവരോട് പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കുന്ന അനീതികളെക്കുറിച്ചും സൂക്ഷ്മമായ പ്രസ്താവനകൾ നടത്തുന്ന ആകർഷകമായ ആക്ഷേപഹാസ്യമാണ് മഹാവീര്യർ എന്ന് മാരി സെൽവരാജ് കുറിച്ചു.
പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ ചിത്രം നിർമ്മിച്ചത്. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങി നിരവധി താരങ്ങളാണ് വിവിധ വേഷങ്ങളിൽ സിനിമയിൽ എത്തുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
Thank you dear @mari_selvaraj 😊 pic.twitter.com/HzNczVmdGy
— Nivin Pauly (@NivinOfficial) August 7, 2022