അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരടി നായകനായി എത്തിയ സർവൈവൽ ത്രില്ലർ ‘നോ വേ ഔട്ട്’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യദിവസത്തെ ഷോ കണ്ടതിനു ശേഷം രമേഷ് പിഷാരടിയുടെ മകൾ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൽ നിറയെ ദേഷ്യപ്പെടലും പ്ലേറ്റു പൊട്ടിക്കലുമാണെന്നും അതുകൊണ്ടു തന്നെ തനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ലെന്നുമാണ് രമേഷ് പിഷാരടിയുടെ മകൾ പറഞ്ഞത്. തനിക്ക് കോമഡി പടങ്ങൾ ഇഷ്ടമാണെന്നും ഇതിലൊരു തരി കോമഡി ഇല്ലെന്നും മുഴുവൻ സീരിയസ്നെസ് ആണെന്നും ആയിരുന്നു മകൾ പറഞ്ഞത്. മകൾ ഇങ്ങനെ പറഞ്ഞതിനെക്കുറിച്ച് രമേഷ് പിഷാരടിയോട് ചോദിച്ചപ്പോൾ അവൾ ഒരു അച്ഛൻ കുഞ്ഞാണെന്നും കണ്ടു കൊണ്ടിരിക്കാൻ കുറച്ച് പാടുണ്ടായിട്ടുണ്ടാകുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ കാരണം കൊണ്ട് തന്റെ അമ്മയൊന്നും ഷോ കാണാൻ വന്നിട്ടില്ലെന്നും പിഷാരടി പറഞ്ഞു. ഏതായാലും പിഷാരടിയുടെ മകൾ പറഞ്ഞതിനെ ട്രോളൻമാർ വെറുതെ വിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ നിധിൻ ദേവിദാസ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറലായി.
ചെറിയ കുഞ്ഞ് അവളുടെ മനസിൽ തോന്നിയത് പറഞ്ഞത് ട്രോൾ ആക്കുന്നവർ ഒരുപാട് പേർ ഒരു മികച്ച സർവൈവൽ ത്രില്ലർ അനുഭവമായി എന്ന് പറയുന്ന ചെറിയ ചിത്രത്തെയും തങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണമെന്നും നിധിൻ ദേവീദാസ് കുറിച്ചു. നിധിൻ ദേവീദാസ് പങ്കുവെച്ച കുറിപ്പ്, ‘അവൾക്കു 10 വയസ്സാണ് പ്രായം… സ്ക്രീനിൽ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ല. അച്ഛൻ ദേഷ്യപ്പെടുന്നതോ.. പ്ലയിറ്റ് എറിഞ്ഞു ഉടയ്ക്കുന്നതോ ഒന്നും അവൾ കണ്ടിട്ടില്ല.. കഴുത്തിൽ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവൾക്ക് സഹിക്കില്ല. (രമേശേട്ടന്റെ വീട്ടിൽ ഒരിക്കലെങ്കിലും പോയവർക്ക് അത് മനസിലാവും) മയ്ക്കും ആൾകൂട്ടവും നിരന്തരം ഒരേ ചോദ്യം ചോദിച്ചപ്പോഴും അവൾ മനസ്സിൽ തോന്നിയത് തുറന്നു പറഞ്ഞു. അതൊരു ട്രോൾ മീറ്റിരിയാലായി മാറുമ്പോൾ…. ഒരു പാട് പേർ ഒരു മികച്ച സർവയിവൽ ത്രില്ലെർ അനുഭവമായി എന്ന് പറയുന്ന ചെറിയ ചിത്രത്തെയും ഞങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണം ഓർക്കണം.’
നവാഗതനായ നിതിൻ ദേവീദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും നിധിന്റേത് തന്നെയാണ്. ഏപ്രിൽ 22നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ഇതിനകം നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ രമേഷ് പിഷാരടി ഒരു സീരിയസ് കഥാപാത്രമായി എത്തുന്നു എന്നത് പ്രേക്ഷകർക്കും ഒരു പുതുമയാണ്. ചിത്രത്തിൽ ബേസിൽ ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിമോ എന്റർടയിൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് പറവൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ് പട്ടാമ്പി. വർഗീസ് ഡേവിഡ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം – കെ ആർ രാഹുൽ, കലാസംവിധാനം – ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം – സുജിത് മട്ടന്നൂർ, മേക്കപ്പ് – അമൽ ചന്ദ്രൻ, സംഘട്ടനം – മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആകാശ് രാംകുമാർ, സ്റ്റിൽസ് – ശ്രീനി മഞ്ചേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആകാശ് രാംകുമാർ, വാർത്താപ്രചരണം – എ എസ് ദിനേശ്.