മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. റിലീസ് ദിവസത്തെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷം പങ്കുവെയ്ക്കാൻ സംവിധായകൻ നിസാം ബഷീർ മമ്മൂട്ടയുടെ വീട്ടിലെത്തി. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്റെ മികച്ച മേക്കിങ്ങും മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ അസാധ്യ പ്രകടനവും ചിത്രത്തെ വേറൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ മമ്മൂട്ടിയെ കാണാൻ സംവിധായകനും കൂട്ടരും മമ്മൂട്ടിയുടെ വീട്ടിലെത്തി.
സംവിധായകൻ നിസാം ബഷീർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർ ഉൾപ്പെടെയുള്ളവരാണ് മമ്മൂട്ടിയുടെ വീട്ടിൽ എത്തിയത്. ഇവർ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയതിന്റെ ചിത്രങ്ങൾ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കേരളത്തിൽ 219 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് പല തിയറ്ററുകളിലും രാത്രി വൈകി അധിക ഷോകൾ നടന്നിരുന്നു. വിവിധ തിയറ്ററുകളിലായി 31 അധികഷോകളാണ് റിലീസ് ദിവസം രാത്രി ചിത്രത്തിനായി നടന്നത്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായി തകർത്തിരിക്കുകയാണ് മമ്മൂട്ടി.
സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം – നിമിഷ് രവി. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന് മുകുന്ദന് ആണ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, ചമയം റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം. ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറിൽ ആയിരുന്നു നടൻ ഒടുവിൽ അഭിനയിച്ചത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.