പതിവുകൾ തെറ്റിച്ച് വൈൽഡ് കാർഡ് എൻട്രിയുമായി ഒമർ ലുലു ബിഗ് ബോസ് ഹൗസിനുള്ളിൽ. സാധാരണ ബിഗ് ബോസിൽ വാരാന്ത്യത്തിലാണ് മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് എത്താറുള്ളത്. എന്നാൽ, പതിവിനു വിപരീതമായി കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മോഹൻലാൽ ഒമർ ലുലുവിനെ ബിഗ് ബോസ് ഹൗസിലേക്ക് പറഞ്ഞു വിടുകയായിരുന്നു.
ബിഗ് ബോസ് സീസൺ 5 തുടങ്ങി മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ആദ്യ എവിക്ഷൻ നടന്നത്. ആദ്യ ആഴ്ചയിൽ നോമിനേഷൻ ലിസ്റ്റിൽ വന്നവർ തന്നെ ആയിരുന്നു കഴിഞ്ഞ മൂന്ന് ആഴ്ചകളായി വോട്ടിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഒമർ ലുലുവിന്റെ നല്ല സമയം എന്ന സിനിമയിലെ നായിക ആയിരുന്ന എയ്ഞ്ചലിൻ മരിയ ആയിരുന്നു ആദ്യം പുറത്തായ മത്സരാർത്ഥി. ശിഷ്യ പുറത്തായപ്പോൾ അടവുകൾ പയറ്റാൻ ഗുരു തന്നെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുകയാണ്.
അതേസമയം, സോഷ്യൽ മീഡിയയിൽ ഒരു ഹിന്ദി ചിത്രത്തിനായി മുംബൈയിലേക്ക് പോകുകയാണെന്ന് കുറിച്ച് മുങ്ങിയ ഒമർ ലുലു പിന്നെ പൊങ്ങിയത് മുംബൈയിലെ ബിഗ് ബോസ് ഹൗസിലാണ്. ‘ഹിന്ദി പടം സെറ്റായിട്ട് ഉണ്ട് ഇനി കളി മുബൈയില്‍ ബോളിവുഡില്‍, നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാ മതി’ എന്ന കുറിപ്പായിരുന്നു അവസാനമായി പങ്കുവെച്ചത്. ഇത്തവണത്തെ ആദ്യ വൈല്‍ഡ് കാര്‍ഡ് എൻട്രി ആയിരുന്ന ഹാനാന് ആരോഗ്യ പ്രശ്നത്തെ ഷോ വിടുകയായിരുന്നു.