സോഷ്യൽമീഡിയയിൽ വീണ്ടും ട്രോളുകൾക്ക് വിധേയനായി സംവിധായകൻ ഒമർ ലുലു. കഴിഞ്ഞ വർഷത്തെ നോമ്പ് കാലത്തെ റമദാൻ കാലത്ത് ഹോട്ടലുകൾ അടച്ചിടരുതെന്ന് ഒമർ ലുലു പറഞ്ഞിരുന്നു. ഇത് അന്ന് വലിയ തോതിൽ വിവാദത്തിന് കാരണമായിരുന്നു. ഇത്തവണ റമദാൻ നോമ്പ് അടുത്തെത്തിയ സാഹചര്യത്തിൽ കഴിഞ്ഞവർഷം ഒമർ ലുലു പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചിലർ ട്രോളാക്കിയിരിക്കുകയാണ്. ഏതായാലും ഇതിനെതിരെ ഒമർ ലുലു രംഗത്ത് എത്തിക്കഴിഞ്ഞു.
തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പുകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി ഒമർ ലുലു രംഗത്തെത്തിയത്. ‘എനിക്ക് സംഘി പട്ടം ചാർത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രിയ പാർട്ടിയിൽപ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്. എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ, ഞാന്‍ കോളേജ് കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സിൽ രാഷ്ട്രിയമേ ഇല്ലാ. ഇനി ഞാന്‍ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ. എന്നെ നിങ്ങൾ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോർജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാന്‍ അവിടെ പറഞ്ഞോളാം. എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും.’
അതേസമയം, കഴിഞ്ഞദിവസം വീണ്ടും നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടരുതെന്ന് പറഞ്ഞ് ഒമർ ലുലു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് അതും ഒരു ദിവസം അല്ലാ 30 ദിവസമുള്ള ആചാരമാണ് നോമ്പ്. പ്രത്യേകിച്ച് നമ്മൾ ഇന്ത്യ പോലെ ഒരുപാട് കമ്മ്യൂണിറ്റി ഉള്ള ഒരു രാജ്യത്ത് ജീവിക്കുമ്പോൾ എന്ന് കരുതി പറഞ്ഞതാണ്. പകൽ നോമ്പ് സമയം ഹോട്ടലുകളിൽ കച്ചവടം കുറയുന്നത് കാരണം ഹോട്ടൽ അടച്ചിടരുത് പകരം ഒരുപാട് ഐറ്റംസ് കുറച്ച് ഉള്ളത് ഒന്നോ രണ്ടോ വിഭവങ്ങൾ നല്ല രുചികരമായി കൊടുക്കുക. ഞാന്‍ വീണ്ടും പറയുന്നു നമ്മുടെ ഒരു മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് അത്രമാത്രം 🙏. ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ദുബായ് തന്നെ നോമ്പിനു ഹോട്ടലുകൾ അടച്ച് ഇടരുത് വരുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി കൊടുക്കണം എന്ന നിയമം പാസാക്കി കഴിഞ്ഞു.’ – കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പിൽ ഒമർ ലുലു പറഞ്ഞു.