ഇനി കോമഡി സിനിമകള്‍ ചെയ്യില്ലെന്നാണ് തീരുമാനമെന്ന് സംവിധായകന് പ്രിയദര്ശന്. താന്‍ ഇതുവരെ ഒറ്റ ത്രില്ലര്‍ സിനിമയാണ് ചെയ്തിരിക്കുന്നത്. അത് മോഹന്‍ലാല്‍ നായകനായി എത്തിയ ഒപ്പമാണ്. ഇനി കോമഡി സിനിമ ചെയ്താല്‍ ഇതുവരെ ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ആവര്‍ത്തനമാകുമെന്നും കോമഡി സിനിമകളുടെ സ്റ്റോക്ക് തീര്‍ന്നെന്നും പ്രിയദര്ശന് പറഞ്ഞു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് പ്രിയദര്ശന് ഇക്കാര്യം പറഞ്ഞത്.
ത്രില്ലര്‍ ചിത്രങ്ങള്‍ താന്‍ അധികം ട്രൈ ചെയ്തിട്ടില്ല. തന്റെ ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് ത്രില്ലര്‍ ട്രൈ ചെയ്യാമെന്ന് കരുതി. നിലവില്‍ ഒരുപാട് ത്രില്ലര്‍ ചിത്രങ്ങള്‍ വരുന്നുണ്ട്. അതില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു ത്രില്ലറാണ് താന്‍ കൈകാര്യം ചെയ്തിരിക്കുന്നത് എന്നാണ് കരുതുന്നതെന്നും പ്രിയദര്ശന് പറഞ്ഞു. വിജയിക്കുമോ എന്നത് പ്രേക്ഷകര്‍ തീരുമാനിക്കും. ഒപ്പം പോലെ കൊറോണ പേപ്പേഴ്സും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രിയദര്ശന് കൂട്ടിച്ചേര്‍ത്തു.
ഷെയ്ന് നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്ശന് ഒരുക്കിയ കൊറോണ പേപ്പേഴ്സ് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏപ്രില്‍ ആറിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്ശന് തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്, മണിയന് പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന് നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നന്ദു പൊതുവാള്, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര് രാജാകൃഷ്ണന്, പി.ആര്.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.