ബോളിവുഡ് താരം ആമിർ ഖാൻ നായകനായി എത്തുന്ന ചിത്രം ‘ലാൽ സിംഗ് ഛദ്ദ’ കഴിഞ്ഞദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ആയത്. ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം കൂടി ആയിരുന്നു ലാൽ സിംഗ് ഛദ്ദ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ആമിർ ഖാൻ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട പ്രമുഖരുടെ അഭിപ്രായങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് വീഡിയോ രൂപത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാളികളുടെ പ്രിയസംവിധായകൻ പ്രിയദർശനും പ്രിവ്യൂ കാണാൻ എത്തിയിരുന്നു. ആമിർ ഖാൻ സിനിമകളല്ല ഉണ്ടാക്കാറെന്നും മറിച്ച് ശ്രമങ്ങളാണെന്നും പ്രിയദർശൻ പറഞ്ഞു. അദ്ദേഹത്തിന്റെ അത്തരം പരിശ്രമങ്ങളൊക്കെ എല്ലായ്പ്പോഴും നമ്മെ ആകർഷിക്കാറുണ്ടെന്നും ഈ ചിത്രവും അങ്ങനെ തന്നെയാണ് തോന്നിയതെന്നും പ്രിയദർശൻ പറഞ്ഞു. ചിത്രം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്നും പ്രിയദർശൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പല തരത്തിൽ ലാൽ സിംഗ് ഛദ്ദ സിനിമയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനം ശക്തമാണ്. ഇതിനിടയിലാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Renowned Director @priyadarshandir Shares His Insightful Thoughts After Watching #LaalSinghChaddha 👌❤#LaalSinghChaddhaOnAug11#AamirKhan #KareenaKapoorKhan@AKPPL_Official #AdvaitChandan @chay_akkineni @Viacom18Studios @Udhaystalin @RedGiantMovies_ @ProSrivenkatesh pic.twitter.com/ZVT8a5mr1V
— Ramesh Bala (@rameshlaus) August 9, 2022
കഴിഞ്ഞദിവസം താൻ അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തെക്കുറിച്ച് ആമിർ പ്രതികരിച്ചിരുന്നു. ‘എന്റെ ഏതെങ്കിലും പ്രവൃത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. ആര്‍ക്കെങ്കിലും എന്റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര് ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം. സിനിമാ നിര്‍മ്മാണം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരാണ് ഒരു ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഞാന്‍ മാത്രമല്ല.’ – ആമിർ ഖാൻ പറഞ്ഞു. വലിയ സമ്മർദ്ദത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും തനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും ആമിർ പറഞ്ഞിരുന്നു.