നടന് ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി ബോളിവുഡ് സംവിധായകന് ആര്. ബാല്‍കി. ഇന്ത്യന്‍ സിനിമയിലെ യുവ തലമുറയില്‍ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരില് ഒരാളാണ് ദുല്‍ഖര്‍ സല്‍മാനെന്ന് ബാല്‍കി പറഞ്ഞു. ഏറെ നാളായി ദുല്‍ഖര്‍ സല്‍മാനെ നിരീക്ഷിച്ച് വരികയാണെന്നും ബാല്‍കി പറഞ്ഞു. ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമാകുന്ന ചുപ്: ദി റിവഞ്ച് ഓഫ് ആന്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാല്‍കി. ഈ ചിത്രത്തിലെ കഥാപാത്രത്തിന് സൂക്ഷ്മാഭിനയമാണ് ആവശ്യമെന്നും ബാല്‍കി പറഞ്ഞു.
ദുല്‍ഖര്‍ സല്മാന് ചെയ്ത സിനിമകള്‍ ഓരോന്നും വ്യത്യസ്തവും മനോഹരവുമാണെന്നും ബാല്‍കി പറഞ്ഞു. ചുപ്: ദി റിവഞ്ച് ഓഫ് ആന്‍ ആര്‍ട്ടിസ്റ്റിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ നടന് ദുല്‍ഖറാണെന്ന് തനിക്ക് തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്. ദുല്‍ഖറിന് തിരക്കഥ ഇഷ്ടപ്പെടുകയും അഭിനയിക്കാന്‍ സന്നദ്ധനാകുകയും ചെയ്തതില്‍ താന്‍ സന്തോഷവനാണെന്നും ബാല്‍കി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 23 നാണ് ചുപ് റിലീസ് ചെയ്യുന്നത്. മോശം വിമര്‍ശനങ്ങളും നിഷേധാത്മക നിരൂപണങ്ങളും കാരണം കലാകാരന് അനുഭവിക്കുന്ന വേദനയും പ്രതികാരവുമാണ് ചുപ് എന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം, സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്.