അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകന് രാജസേനന്. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രാജസേനന് തന്നെയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു.
ക്ലാപ്പിന് മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിര്‍മിക്കുന്നത്. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനന് തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഇത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പരമേശ്വരനായാണ് ഇന്ദ്രന്‍സ് എത്തുന്നത്.
തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീര്‍ കരമനയും അമ്മാവന് ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് എം ജയചന്ദ്രന് ആണ്. രണ്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.