നടന് വിനായകന് മറുപടിയുമായി സംവിധായകന് രഞ്ജിത്ത്. വിനായകന് ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് കൃത്യമായി വ്യക്തമാക്കേണ്ടതുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. തന്നെ ഉദ്ദേശിച്ചാണ് എറിഞ്ഞതെങ്കില്‍ ഏറ് ദേഹത്ത് കൊള്ളില്ല. അതിനായി വിനായകന് കുറേയധികം ശ്രമിക്കേണ്ടിവരും. ഈ ജന്മം മുഴുവനെടുത്താലും അതിന് സാധിക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച സംവിധായകന് രഞ്ജിത്തിനെ വിമര്‍ശിച്ച് വിനായകന് രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചായിരുന്നു വിമര്‍ശനം. ഐഎഫ്എഫ്കെയില് മുഖ്യാതിഥിയായി ഭാവനയെ ക്ഷണിച്ചതും അതേസമയം തന്നെ ദിലീപിനെ പിന്തുണച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു വിനായകന് ആഞ്ഞടിച്ചത്. ‘ഒരുത്തീ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ ഇതേപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കൊള്ളേണ്ടത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടാല്‍ അത് പിന്‍വലിക്കുമെന്നും മാന്യന് എന്ന് പറഞ്ഞ് നടക്കുന്ന അമാന്യമാരെ മുഖത്ത് നോക്കി ചീത്ത പറയാന്‍ തനിക്ക് മടിയില്ലെന്നും വിനായകന് പറഞ്ഞിരുന്നു.
ദിലീപിനെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വിശദീകരണവുമായി രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. ദിലീപിനെ സന്ദര്‍ശിക്കാന്‍ പോയ നടന് സുരേഷ് കൃഷ്ണയ്ക്കൊപ്പം പോയതാണെന്നും പുറത്തു നില്ക്കുന്നതുകണ്ട് ഒരു വിഷയമാകേണ്ട എന്നു കരുതിയാണ് അകത്തു കയറിയതെന്നുമായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം.